തിരുവനന്തപുരം: കോട്ടയത്തെ കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 50 ദിവസമായി വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ഥികള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍വ്വം തീരുമാനമെടുക്കുമെന്ന് മന്ത്രി ആര് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
ഡയറക്ടറെ പുറത്താക്കുക എന്നതായിരുന്നു വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. അദ്ദേഹം കഴിഞ്ഞദിവസം രാജിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ഡയറക്ടറെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറക്കി. പുതിയ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണ്. ഒഴിഞ്ഞുകിടക്കുന്ന സംവരണസീറ്റുകള്‍ നികത്തും. കെ.ജയകുമാര്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ജാതിവിവേചനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന, ശങ്കര്‍ മോഹന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഡയറക്ടറെ മാറ്റുകയെന്ന ആവശ്യം കൂടാതെ തങ്ങള്‍ ഉന്നയിച്ച ബാക്കി 14 ആവശ്യങ്ങള്‍ക്കും മന്ത്രിയില്‍നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍, ഭക്ഷണം നല്കിയ നാട്ടുകാര്‍ തുടങ്ങിയ സമരവുമായി സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഡയറക്ടറെ നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റി, നിയമനനടപടികള്‍ ത്വരിതപ്പെടുത്തും, ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകള്‍ നികത്താന്‍ നടപടിയെടുക്കും.അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ സംവരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ പ്രോസ്പെക്ടസില്‍ വ്യക്തമാക്കും. തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ധാരണയായി.
അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഡീന്‍ ഉള്‍പ്പെടെ എട്ട് പേര് രാജിവച്ചു. മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനുമായി അടുപ്പമുള്ളവരാണ് രാജി വച്ചത്. രാജി ജനുവരി 18-ന് ശങ്കര്‍ മോഹന്‍ രാജി നല്‍കിയിരുന്നതായി അധ്യാപകരും ജീവനക്കാരും വ്യക്തമാക്കി.