കൊച്ചി: കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ പെൺ ആരാച്ചാരുടെ കഥ പറഞ്ഞ കെആർ മീരയുടെ “ആരാച്ചാർ” നോവലിന് മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം. കെ.ബി. പ്രസന്നകുമാര്‍, ഷീബ ഇ.കെ., സന്തോഷ് മാനിച്ചേരി, എം.ആര്‍. രേണുകുമാര്‍ എന്നിവരുള്‍പ്പെടുന്ന സമിതി തിരഞ്ഞെടുത്ത മൂന്നുനോവലുകളില്‍ നിന്ന് ഇ.വി. രാമകൃഷ്ണന്‍, പി.കെ. രാജശേഖരന്‍, കെ.വി. സജയ് എന്നിവര്‍ ചേര്‍ന്നാണ് ആരാച്ചാര്‍ തിരഞ്ഞെടുത്തത്.
സമകാലിക കാലഘട്ടത്തിലെ ഏറ്റവും ശക്തമായ സ്ത്രീപക്ഷ രചനയാണ് ആരാച്ചാർ എന്ന് ജൂറി വിലയിരുത്തി. 2012 നവംബറിൽ പ്രസിദ്ധീകരിച്ച കൃതി പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്‌കാരം, വയലാർ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു.
പ്രശസ്ത സാഹിത്യകാരൻ മുട്ടത്തുവർക്കിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം നേടുന്നവർക്ക് ശിൽപ്പവും, പ്രശസ്തി പത്രവും 33333 രൂപയും സമ്മാനമായി ലഭിക്കും.