കൊച്ചി: ആകാശവാണി ജീവനക്കാരി കെ.ആര്‍.ഇന്ദിര മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. മാതൃത്വം എന്ന ആശയത്തിനെതിരായ പോസ്റ്റ് ആര്‍ഷ ഭാരത സംസ്‌കാരത്തിന് യോജിച്ചതല്ല എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അത്തരം പ്രതികരണങ്ങളോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയുന്നതല്ല എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

മുസ്ലീം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയല്ല മറിച്ച് ഹിന്ദു ജനസംഖ്യ ക്രമത്തില്‍ നിന്ന് വളരെ ഗണ്യമായി കുറയുകയാണെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. കെ.ആര്‍.ഇന്ദിര നടത്തിയ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വര്‍ വിചിത്രവാദം ഉന്നയിച്ചത്. ഹിന്ദു ജനസംഖ്യ താഴുന്നതാണ് യഥാര്‍ഥ പ്രശ്‌നമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കേരളത്തില്‍ പ്രത്യേകിച്ച് ഇതുണ്ടെന്നും രാഹുല്‍ പറയുന്നുണ്ട്. ഇക്കാര്യം കൂടുതല്‍ പഠിക്കണമെങ്കില്‍ ആര്‍എസ്എസ് സര്‍സംഘ് ചാലക് ആയിരുന്ന ഗോള്‍വാള്‍ക്കറുടെ നിലപാടുകള്‍ മനസ്സിലാക്കണമെന്നും രാഹുല്‍ പറയുന്നുണ്ട്.

Read Also: നമുക്ക് വോട്ട് ചെയ്തിരുന്നവരെല്ലാം ബിജെപിയിലേക്ക് പോയി: ശശി തരൂര്‍

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ ജനസംഖ്യ കുറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാന കാരണം ഹിന്ദു കുടുംബങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍, കുടുംബ തകര്‍ച്ചകള്‍ എന്നിവ സംഭവിക്കുന്നതെന്നും കുടുംബ തകര്‍ച്ച ഉണ്ടാകുമ്പോള്‍ കുട്ടികള്‍ ഉണ്ടാകുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ വാദിക്കുന്നു.

അതേസമയം, ഫെയ്‌സ്‌ബുക്കിൽ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ച ആകാശവാണി പ്രോഗ്രാം മേധാവിയും (തൂത്തുക്കുടി) എഴുത്തുകാരിയുമായ കെ.ആർ.ഇന്ദിരയ്ക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ്‌ കേസെടുത്തിട്ടുണ്ട്. ഐപിസി 153എ പ്രകാരം ജാമ്യമില്ലാ വകുപ്പുപ്രകാരമാണ്‌ കേസ്‌. സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തിപരമായ പ്രചാരണം നടത്തിയതിന്‌ 120 ഒ പ്രകാരവും കേസുണ്ട്‌.

അസം പൗരത്വ പട്ടികയെ അനുകൂലിച്ചുള്ള പോസ്റ്റിലാണ് ഒരു മതവിഭാഗത്തെ അവഹേളിച്ചത്.  അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയിൽനിന്ന്‌ പത്തൊമ്പത് ലക്ഷം പേർ പുറത്തായതുമായി ബന്ധപ്പെട്ടായിരുന്നു ഇന്ദിരയുടെ കുറിപ്പ്‌.  ഇന്ത്യൻ പൗരനല്ലാതാകുന്നവരെ കുടിയേറ്റക്കാരുടെ ക്യാമ്പിൽ താമസിപ്പിച്ച്‌ സ്റ്റെറിലൈസ് ചെയ്യണമെന്നായിരുന്നു പരാമർശം.

സ്ത്രീകൾ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിർത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വേണം മുസ്ലിങ്ങളുടെ പ്രസവം നിർത്താനെന്നും പോസ്റ്റിൽ കമന്റ് ചെയ്തിട്ടുമുണ്ട്. പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.