തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ മന്ത്രി ദന്പതികളായ ടി വി തോമസിനെയും കെ ആർ ഗൗരിയമ്മയെയും രണ്ടാക്കിയത് സി പി ഐ യെന്ന് ഗൗരിയമ്മ. കലാകൗമുദി ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും വേർപിരിഞ്ഞ ശേഷമുളള കാലത്തെ കുറിച്ച് പറയുമ്പോൾ സി പി ഐയുടെ നടപടി എങ്ങനെയാണ് തങ്ങളെ അകറ്റിയതെന്ന് ഗൗരിയമ്മ വെളിപ്പെടുത്തുന്നത്.
1964ൽ പാർട്ടി പിളർന്നശേഷം നടന്ന സംഭവങ്ങളിലാണ് ഇരുവരെയും അകറ്റിയതിൽ സി പി ഐയ്ക്കുളള റോൾ ഗൗരിയമ്മ വ്യക്തമാക്കുന്നത്. പാർട്ടിയിലെ പിളർപ്പിന് ശേഷവും തങ്ങൾ ഒന്നിച്ച് താമസിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് സി പി ഐ എടുത്ത നിലപാടാണ് ഇരുവരെയും തമ്മിൽ അകറ്റിയതെന്നും ഗൗരിയമ്മ പറയുന്നു. കുട്ടിക്കാലം, വിദ്യാഭ്യാസം രാഷ്ട്രീയം, വിവാഹം, ടി വി തോമസ്, പാർട്ടിയിലെ പിളർപ്പ്, വി എസ് അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവരെ കുറിച്ചെല്ലാമുളള തന്റെ നിലപാടുകൾ ഗൗരിയമ്മ വ്യക്തമാക്കുന്നുണ്ട്. ഇതിൽ ടി. വി തോമസുമായുളള ജീവിതത്തെ കുറിച്ചും പാർട്ടിയിലെ പിളർപ്പിനെ കുറിച്ചും പറയുന്നിടത്താണ് ഗൗരിയമ്മ ഇക്കാര്യം വ്യക്തമാക്കുന്നത്.

“1967 ൽ ചാത്തനാട്ടെ ഈ വിട്ടീൽ നിന്നാണ് ഞങ്ങൾരണ്ടുപേരും മന്ത്രിയാകാൻ തിരുവനന്തപുരത്തേയ്ക്ക് പോത്. അന്ന് എന്റെ അമ്മ കിടപ്പിലാണ്. ആ വർഷം അമ്മ മരിച്ചു. 1967-ൽ എനിക്ക് സാനഡുവും ടി വി തോമസിന് റോസ് ഹൗസും ഔദ്യോഗികവസതികളായി അനുവദിച്ചു കിട്ടി. അടുത്തടുത്തുളള ഈ മന്ത്രി മന്ദിരങ്ങളുടെ നടുവിലെ മതിൽപൊളിച്ച് അങ്ങോട്ടുമിങ്ങോട്ടും പോകാനുളള സൗകര്യം ഞങ്ങൾ ഒരുക്കിയിരുന്നു. സി പി ഐ ക്കാർ ആ കതക് പൂട്ടിച്ചു. അങ്ങനെയാണ് ഞങ്ങൾ രണ്ടായത്. അന്ന് എനിക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായി. ഒരു മാസം ആശുപത്രിയിൽകിടന്നു. സി പി ഐയുടെ ആ നടപടി വലിയ വിഷമമാണ് ഉണ്ടാക്കയിത്.

അതിന് മുമ്പ് 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഞങ്ങൾ രണ്ട് ചേരിയിലായെങ്കിലും ഞാൻ പാർട്ടിയിൽ നിന്നും അവധിയെടുത്ത് ചാത്തനാട്ടെ വീട്ടിൽ ഒന്നിച്ചു താമസിച്ചു. വീട്ടിൽ പാർട്ടിക്കാർ ആരും വരരുതെന്നും ടി വിക്ക് പ്രവർത്തനം വീടിനു പുറത്തു നടത്താമെന്നും തീരുമാനിച്ചു. ജീവിതം ഏറെക്കാലത്തിനു ശേഷം ശാന്തമായ പോലെ അക്കാലത്ത് ടി.വി. എനിക്ക് ഒരു കശ്‌മീരി പട്ടുസാരി വാങ്ങിത്തന്നു. ജീവിതത്തിൽ ആദ്യമായി തരുന്ന സാരിയാണ്ത്. അതു ഞാൻ ഇന്നും സൂക്ഷിച്ചിട്ടുണ്ട്” എന്ന് ഗൗരിയമ്മ പറയുന്നു.
ഈ കാലയളവിൽ ഇരുവരുടെയും രാഷ്ട്രീയ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും ഗൗരിയമ്മ പറയുന്നുണ്ട്. 1967 മുതൽ 1977 വരെയുളള രാഷ്ട്രീയ ജീവിതം വല്ലാതെ ഉലച്ചിരുന്നുവെന്ന് കേരളത്തിലെ വിപ്ലവ നായിക വ്യക്തമാക്കുന്നു.
പാർട്ടിയിൽ ഇരുത്താൻ കൊളളാത്തയാളാണ് വി എസ് അച്യുതാന്ദൻ എന്നും ഗൗരിയമ്മ വിമർശിക്കുന്നു. “ഇത്രയും ഇൻഡിസ്‌പ്ലീൻ കാട്ടിയ വേറെ ആരുണ്ട്.? കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും എടുത്ത തീരുമാനത്തിനെതിരെ ഇങ്ങനെ പ്രസംഗിച്ചു നടക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇങ്ങനെ ഒരുത്തനെ കണ്ടിട്ടുണ്ടോ?”

1987 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ “കേരം തിങ്ങും കേരള നാട്ടിൽ കെ. ആർ. ഗൗരി ഭരിച്ചീടും” എന്ന മുദ്രാവാക്യം വിളിച്ചത് അച്യുതാനന്ദനും പി കെ വിയും ചേർന്നായിരുന്നു. അന്നത് ആവേശമായി. കേരളം എൽ ഡി എഫിന് ലഭിച്ചു. പക്ഷേ മുഖ്യമന്ത്രിയായത് വീട്ടിൽ ഉറങ്ങിക്കിടന്ന നായനാർ. ഞാൻ മുഖ്യമന്ത്രിയാകരുതെന്ന് നമ്പൂതിരിക്ക് നിർബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പാർട്ടി യോഗത്തിൽ വി എസ് സൂത്രത്തിൽ നിന്നതേ ഉളളൂ. മുദ്രാവാക്യത്തിൽ ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ അയാൾ മിണ്ടില്ലായിരുന്നോ? അയാൾ വലിയ സമരനായകനൊന്നുമല്ല. പുന്നപ്ര- വയലാർ പ്രക്ഷോഭത്തിലല്ല, നേരത്തെ ഉണ്ടായിരുന്ന മറ്റൊരു കേസിലാണ് അച്യുതാനന്ദൻ അറസ്റ്റിലായത്.”
“വിജയന്റെ ഭരണത്തെ പറ്റി അഭിപ്രായം പറയണമെങ്കിൽ ഇന്ന് കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതി ഇല്ലാതാകണം. ഈയിടെ വിജയൻ വീട്ടിൽ വന്നു. നിയമസഭയുടെ അറുപതാം വാർഷികം പ്രമാണിച്ച് ഉപഹാരം സമ്മാനിച്ചു. അതിലൊക്കെ സന്തോഷമുണ്ട്. പക്ഷേ, ബ്ലൗസിട്ട, സാരിയുടത്ത പെണ്ണിന് നടക്കാൻ പറ്റുന്ന നാടാണോ കേരളം? പെണ്ണ് ഉപഭോഗ വസ്തുവാണോ? വിജയൻ കർശനമായി ഇടപെടണം. ഒരുത്തനെയും വെറുതെ വിടരുത്. ഇന്ത്യയിൽ ആദ്യത്തെ വനിതാ കമ്മീഷൻ രൂപീകരിക്കുന്നത് 1987-ൽ ഞാൻ മന്ത്രിയായിരിക്കുമ്പോൾ മുൻകൈ എടുത്താണ്. ജെ. ലളിതാംബികയും കെ. ബി വത്സലകുമാരിയുമാണ് കമ്മീഷൻ രൂപീകരണത്തിൽ ഏറെ അധ്വാനിച്ച ഉദ്യോഗസ്ഥർ. അവർ തയ്യാറാക്കിയ ബിൽ പിന്നീട് കേന്ദ്ര സർക്കാർ ചോദിച്ചു വാങ്ങിയിരുന്നു,” ഗൗരിയമ്മ പറയുന്നു.