തിരുവന്തപുരം: നൂറാം പിറന്നാൾ ആഘോഷിക്കുന്ന കെ.ആർ.ഗൗരിയമ്മയ്‌ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസ നേർന്നത്. ചരിത്രത്തിലും മനുഷ്യ മനസ്സുകളിലും അനശ്വരമായ ശേഷിപ്പുകൾ സംഭാവന ചെയ്യാൻ കഴിയുന്ന രാഷ്ട്രീയത്തിലെ അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് സഖാവ് ഗൗരിയമ്മ. ആ ജീവിതം കേരളത്തിന്റെ ചരിത്രം തന്നെയാണെന്ന് പിണറായി ഫെയ്സ്‌ബുക്കിൽ കുറിച്ചു.

കർമ്മ നിരതമായ ആ ജീവിതം നൂറു വർഷത്തിലെത്തുമ്പോൾ ഇനിയുമേറെക്കാലം ഒപ്പമുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. പൊതു പ്രവർത്തകർക്കുണ്ടാകേണ്ട ഊർജ്ജസ്വലതയ്‌ക്കു പ്രചോദനമായി; സ്‌നേഹത്തിന്റെ കെടാവിളക്കായി ഗൗരിയമ്മ ഇനിയുമിനിയും നമ്മോടൊപ്പമുണ്ടാകട്ടെ എന്നാശിക്കുന്നുവെന്നും പിണറായി പറഞ്ഞു.

പിണറായി വിജയന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റ്

നൂറാം പിറന്നാളിലേക്കെത്തുന്ന സഖാവ് കെ.ആർ.ഗൗരിയമ്മയ്‌ക്ക് ആശംസകൾ. ചരിത്രത്തിലും മനുഷ്യ മനസ്സുകളിലും അനശ്വരമായ ശേഷിപ്പുകൾ സംഭാവന ചെയ്യാൻ കഴിയുന്ന രാഷ്ട്രീയത്തിലെ അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് സഖാവ് ഗൗരിയമ്മ. ആ ജീവിതം കേരളത്തിന്റെ ചരിത്രം തന്നെയാണ്. ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭ കൊണ്ടുവന്ന 1959 ലെ കാർഷിക ബന്ധ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മയാണ്. ജന്മിക്കരം ഒഴിവാക്കൽ നിയമം അടക്കം അനേകം സുപ്രധാന നിയമങ്ങൾ അവതരിപ്പിച്ചു പാസാക്കിയ മന്ത്രി എന്ന നിലയിലും കേരളത്തിന്റെ വളർച്ചയിൽ ഗൗരിയമ്മ നൽകിയത് അമൂല്യ സംഭാവനകളാണ്. കഷ്‌ടപ്പെടുന്നവരോട് അലിവുള്ള രാഷ്ട്രീയ നേതാവും പ്രഗത്ഭയായ നിയമസഭാ സാമാജികയും ആർജവമുള്ള ഭരണാധികാരിയുമായി ഗൗരിയമ്മയെ അടുത്തറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുമ്പോഴും ആദരവോടെയും സ്‌നേഹത്തോടെയുമാണ് സഖാവിനെ കണ്ടിട്ടുള്ളത്.

കർമ്മ നിരതമായ ആ ജീവിതം നൂറു വർഷത്തിലെത്തുമ്പോൾ ഇനിയുമേറെക്കാലം ഒപ്പമുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. പൊതു പ്രവർത്തകർക്കുണ്ടാകേണ്ട ഊർജ്ജസ്വലതയ്‌ക്കു പ്രചോദനമായി; സ്‌നേഹത്തിന്റെ കെടാവിളക്കായി ഗൗരിയമ്മ ഇനിയുമിനിയും നമ്മോടൊപ്പമുണ്ടാകട്ടെ എന്നാശിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.