കൽപറ്റ: കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് കോൺഗ്രസ് വിട്ട കെ.സി.റോസക്കുട്ടി സിപിഎമ്മിൽ. ഇടതുമുന്നണിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച വിവരം റോസക്കുട്ടി മാധ്യമങ്ങളെ അറിയിച്ചു. യാതൊരു മാനസിക സംഘർഷവും കൂടാതെ എടുത്ത തീരുമാനമാണെന്നും വയനാട് ജില്ലയിലെ മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും റോസക്കുട്ടി പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി, കൽപ്പറ്റ എൽഡിഎഫ് സ്ഥാനാർഥി എം.വി.ശ്രേയാംസ്‌കുമാർ, ബത്തേരി എൽഡിഎഫ് സ്ഥാനാർഥി എം.എസ്.വിശ്വനാഥൻ തുടങ്ങിയവർ റോസക്കുട്ടിയുമായി കൂടിക്കാഴ്‌ച നടത്തി.
കോണ്‍ഗ്രസ് പ്രസ്ഥാനം സ്ത്രീകളോട് കാണിക്കുന്ന അവഗണനയും വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള മൃദു നിലപാടുകളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് റോസക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും ബത്തേരി മുന്‍ എംഎല്‍എയുമാണ് കെ.സി.റോസക്കുട്ടി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച ലതികാ സുഭാഷിന് റോസക്കുട്ടി ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
“ഒരു മതനിരപേക്ഷ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ഈ രാജ്യത്തിന്റെ വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നതിനും സാധിക്കുന്നില്ല എന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്റെ ഏറ്റവും വലിയൊരു സുഹൃത്താണ് ലതികാ സുഭാഷ്. ഒരു സീറ്റിന് അര്‍ഹതപ്പെട്ട വ്യക്തിയാണ് ലതികാ സുഭാഷ്. കഴിഞ്ഞ 23 ദിവസക്കാലവും ഐശ്യര്യകേരളയാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം പ്രവര്‍ത്തിച്ച വനിത, ആ വനിത സീറ്റ് ലഭിക്കാത്തപ്പോള്‍ നടത്തിയ പ്രതിഷേധത്തോട് കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ച പ്രതികരണം മാനസികമായി വളരെ വിഷമിപ്പിച്ചു,” റോസക്കുട്ടി പറഞ്ഞു.
Read More: ‘സര്‍വ്വേ കണ്ട് അലംഭാവം പാടില്ല’; എൽഡിഎഫ് പ്രവർത്തകരോട് പിണറായി വിജയന്‍
ഒരു സ്ത്രീ അവരുടെ മുടി മുറിക്കണമെങ്കില്‍ എത്രമാത്രം മാനസിക വിഷമം അവര്‍ അനുഭവിക്കുമെന്ന് മനസ്സിലാക്കാന്‍ പറ്റാത്ത ഒരു നേതൃത്വമാണ് കോണ്‍ഗ്രസെന്ന് റോസക്കുട്ടി ടീച്ചര്‍ ആരോപിച്ചു. പാര്‍ട്ടിയിലെ ഏക ജില്ലാ പ്രസിഡന്റ് ആയിട്ടുള്ള ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം ജില്ലയില്‍ സീറ്റ് ലഭിക്കാന്‍ മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടിക്കരയേണ്ടി വന്നെന്നും റോസക്കുട്ടി ടീച്ചര്‍ ചൂണ്ടിക്കാട്ടി.
മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകയായിരുന്ന റോസക്കുട്ടി 1991-ലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. എഐസിസി അംഗവും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ്.