scorecardresearch
Latest News

കാലിയായ ഖജനാവും കാവൽ പ്രസിഡന്റും, കെപിസിസിയും കോൺഗ്രസുകാരും

താൽക്കാലിക പ്രസിഡന്റായി എം.എം.ഹസ്സൻ അധികാരമേറ്റു. ഇനി തിരിഞ്ഞെടുപ്പ് നടക്കുമോ ഇല്ലയോ എന്നൊക്കെ കാത്തിരുന്ന് കാണാം. പക്ഷേ പാർട്ടിമുന്നോട്ട് പോകാനുളള ഫണ്ട് ഉണ്ടാക്കലായിരിക്കും താൽക്കാലിക പ്രസിഡന്റിന്റെയും ആദ്യ ദൗത്യം

mm hassan, kpcc, congress

തിരുവനന്തപുരം: മൂന്ന് വർഷത്തെ സുധീര ഭരണം കഴിഞ്ഞപ്പോൾ കേരളത്തിലെ കോൺഗ്രസ് ഘടകം സാമ്പത്തികമായി പാപ്പരായ സ്ഥിതിയിലാണെന്ന് സൂചന. കമ്മ്യൂണിസ്റ്റ് പാർട്ടികളെ പോലെ അംഗങ്ങളിൽ നിന്നും ലെവി പിരിക്കുന്ന രീതിയലല്ല കോൺഗ്രസ് പുറത്തുനിന്നുള്ള ഫണ്ടാണ് കോൺഗ്രസിന്റെ പ്രധാന വരുമാന മാർഗം. ആ വരുമാന മാർഗത്തിൽ വന്ന ഇടിവാണ് കെപിസിസിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

മൂന്ന് വർഷം മുമ്പ് രമേശ് ചെന്നിത്തല പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ആഭ്യന്തരമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ രണ്ട് കോടിയിലേറെ കരുതൽ സാമ്പത്തിക ശേഷിയുണ്ടായിരുന്നു കെപി സിസിയുടെ ഖജനാവിന്. എന്നാൽ ഇന്ന് ഏതാനും ലക്ഷങ്ങളിലേയ്ക്ക് ആ തുക ചുരുങ്ങിയിരിക്കുന്നു. വരുമാനം കുറയുകയും ചെലവ് കുറയാതിരിക്കുകയും ചെയ്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് കോൺഗ്രസിലെ ഉളളറകൾ അറിയുന്നവർ പറയുന്നത്.

സുധീരൻ അധികാരത്തിലേറിയതോടെ കോൺഗ്രസിന്റെ വരുമാനമാർഗങ്ങൾ അടയുന്നതാണ് കണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറയുന്നു. സർക്കാരിന്റെ മദ്യ നയവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും തുടങ്ങി വരുമാന മാർഗത്തിന്റെ ഇടിവ്. പിന്നീട് അത് മറ്റ് മേഖലകളിലേയ്ക്കും കടന്നു. കോൺഗ്രസിന്റെ ഫണ്ട് റെയ്സർമാർ എന്ന പാർട്ടിക്കുളളിൽ അറിയപ്പെടുന്ന നേതാക്കളെല്ലാം സുധീര വിരുദ്ധരുടെ കൂടെയായപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു.

പാർട്ടിയുടെ കീഴിലുളള രണ്ട് മാധ്യമ സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഫണ്ടിൽ ഉളള പണം ഉപയോഗിച്ച് കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇതിനിടയിൽ സുധീരൻ പല സംഭവങ്ങളിലും ഇടപെട്ട് ധനസഹായം നൽകിയതോടെ സംഘടനയക്ക് അത് ബാധ്യതയായി. ഇതിൽ അധികം ഫണ്ടും പിരിച്ചെടുത്തതല്ല​ എന്നാണ് കോൺഗ്രസുകാർ പറയുന്നത്.

മാധ്യമ സ്ഥാപനങ്ങൾ പ്രതിസന്ധി നേരിട്ടപ്പോൾ അത് പരിഹരിക്കാൻ സുധീരൻ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, ചാനലിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയുകയും ചെയ്തു. സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി തന്നെ കടക്കെണിയിലാക്കിയത് കോൺഗ്രസിന്റെ മുൻകൈയിലുളള ചാനലാണെന്നും തന്നെ ആ ചാനൽ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്നും മലയാളം വാരികയിൽ ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തു. ഇതിന് സുധീരൻ ഉൾപ്പെടയുളളവർ ഉത്തരവാദികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുധീരൻ അധികാരമേറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന കരുതൽ സാമ്പത്തിക ധനം മുൻ പ്രസിഡന്റുമാരുടെ കാലത്ത് സ്വരൂപിച്ചതായിരുന്നു. സുധീരന്റെ സമീപനം മൂലം പലയിടത്തു നിന്നും ഫണ്ട് ലഭ്യമല്ലാതെയായി. സുധീരനും സർക്കാരും തമ്മിലുളള ഏറ്റുമുട്ടലിൽ മദ്യനയം പുതിയ വിവാദങ്ങൾക്ക് വഴി തുറന്നത്. ഫണ്ട് കുറയ്ക്കുന്നത് വേഗത്തിലാക്കിയെന്ന് കോൺഗ്രസുകാർ പറയുന്നു. ഇതിന് പുറമെ മെത്രാൻകായൽ, മെഡിസിറ്റി എന്നീ വിവാദങ്ങളുമെല്ലാം കോൺഗ്രസിന്റെ വരുമാനം കുറച്ചു.

ഭരണം കൂടെ നഷ്ടമായതോടെ വരവ് വീണ്ടും കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സിപിഎമ്മിലും സിപിഐയ്ക്കും അംഗങ്ങളിൽ നിന്നും മാസം ലഭിക്കുന്ന ലെവി ഉളളതിനാൽ ഫണ്ട് പിരിവിൽ ഇടിവുണ്ടായാലും പിടിച്ചു നിൽക്കാൻ കഴിയും. എന്നാൽ അത്തരം സംവിധാനങ്ങളില്ലാത്ത പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന് ഇത് തിരിച്ചടിയാണ്.

ഹസ്സന് താൽക്കാലിക പ്രസിഡന്റായി കടന്നുപോയാൽ പോലും നേരിടേണ്ടി വരുന്ന പ്രതിസന്ധി ചെറുതായിരിക്കില്ലെന്ന് കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കു പോലും സംഘടനാപരമായി മുൻകാലങ്ങളിലെ പോലെ സാമ്പത്തിക പിന്തുണ നൽകാൻ കെപിസിസിക്ക് സാധിച്ചിട്ടില്ലെന്നും അന്ന് വിമർശനമുയർന്നിരുന്നു. വരും ദിവസങ്ങളിൽ കോൺഗ്രസ് നടത്തേണ്ടി വരുന്ന പ്രവർത്തനങ്ങൾക്ക് ഉൾപ്പടെ പണം കണ്ടെത്തേണ്ട സ്ഥിതിയുണ്ട്. മലപ്പുറം ഉപതിരഞ്ഞെടുപ്പ് ലീഗിന്റെ തോളിലേറിയതിനാൽ കോൺഗ്രസിന് ബുദ്ധിമുട്ടാകില്ല, പക്ഷേ, സമരം നയിക്കാനോ പ്രചാരണം സംഘടിപ്പിക്കാനോ സാമ്പത്തിക ബാദ്ധ്യത സംഘടനയെ ബാധിച്ചിട്ടുണ്ടെന്ന് വസ്തുതയാണ്. ഇന്ദിരാഭവനിൽ ഒന്നു നടന്നിറങ്ങിയാൽ കേൾക്കാം. സാമ്പത്തിക പരാധീനതകളുടെ കഥകൾ.

ഇനി വരും ദിവസങ്ങളിൽ എന്തു വില നൽകിയായിരിക്കും ഹസ്സൻ ഈ ഖജനാവിലെ കാത്തുരക്ഷിക്കുയെന്ന് കാത്തിരുന്ന് കാണാം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kpcc treasury empty president mm hassan congress