തിരുവനന്തപുരം: മുതിർന്ന നേതാവ് എ.കെ.ആന്‍റണിക്കെതിരായ സൈബർ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ കെപിസിസി സമിതിയെ നിയോഗിച്ചു. തിരുവനന്തപുരം നിയുക്ത എംപി ശശി തരൂരാകും അന്വേഷണം നടത്തുക. ആവശ്യമെങ്കിൽ സ്വകാര്യ ഏജൻസികളുടെ സഹായം തേടുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തെ കുറിച്ച് കെ.വി.തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥും കെപിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണനും ആണ് സമിതിയിലെ അംഗങ്ങൾ. രണ്ടാഴ്ചക്കുള്ളിൽ അന്വേഷണം നടത്തി സമിതി കെപിസിസിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
‘ആലപ്പുഴയില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നത് ഞാന്‍ സമ്മതിക്കുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അധിക്ഷേപം നടക്കുകയാണ്. ഇതിനെതിരെ അന്വേഷണത്തിന് തീരുമാനിച്ചു. വേണമെങ്കില്‍ ഏതെങ്കിലും സ്വതന്ത്ര ഏജന്‍സിയെ വച്ചും അന്വേഷിക്കും,’ മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കി.
ദേശീയ തലത്തിലെ കനത്ത തോൽവിക്ക് കാരണം ആന്‍റണിയും കെ.സി.വേണുഗോപാലുമാണെന്ന സൈബർ വിമർശനങ്ങൾ ഉയര്‍ന്നിരുന്നു. യുപിയിൽ സഖ്യം പൊളിച്ചത് ആന്‍റണിയാണെന്നും കർണാടകയിൽ തോറ്റതിന് കാരണം വേണുഗോപാലാണെന്നുമാണ് പ്രചാരണങ്ങൾ. ഇതിന് പ്രതികരണവുമായി ആന്റണിയും രംഗത്തെത്തിയിരുന്നു.
ജനാധിപത്യത്തിൽ തോൽവിയും ജയവും ഒന്നും സ്ഥിരമല്ല, സോണിയ ഗാന്ധിയുടെ അഭിപ്രായങ്ങൾ തേടി രാഹുൽ തന്നെ പാർട്ടിയെ നയിക്കണമെന്ന് പറഞ്ഞ ആന്‍റണി ആർക്കും കോൺഗ്രസിനെ എഴുതി തള്ളാൻ ആകില്ലെന്ന് വ്യക്തമാക്കി.
കേരളത്തിൽ 20ൽ 19 സീറ്റാണ് കോൺഗ്രസ് നേടിയതെന്ന് ആന്‍റണി ചൂണ്ടിക്കാട്ടി. ഈ കാറ്റൊന്നും കാറ്റല്ല എന്ന് പറഞ്ഞ ആന്‍റണി. ഭാരതപ്പുഴ കടന്നാൽ മാത്രമേ കോൺഗ്രസിന് എംഎൽഎ ഉള്ളൂ എന്ന കാലം ഉണ്ടായിരുന്നുവെന്നും ആറടി മണ്ണിൽ കുഴിച്ചു മൂടാൻ പോയ കോൺഗ്രസ് ഉയർത്തെഴുന്നേൽക്കുകയായിരുന്നുവെന്നും ഓർമ്മപ്പെടുത്തി.