തിരുവനന്തപുരം: ബംഗാളില്‍ മാത്രമല്ല, കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അക്രമം ഉപേക്ഷിച്ചു വന്നാല്‍ ബിജെപിയെ നേരിടാന്‍ സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. ദേശീയ തലത്തില്‍ സിപിഎം സ്വീകരിക്കുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ എന്തുകൊണ്ടാണ് പിണറായിയും കോടിയേരിയും തയ്യാറാകാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു.
മുഖ്യമന്ത്രിക്ക് ഭയമായതിനാലാണ് ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികളുടെ ഫാസിസത്തിന് എതിരെ പ്രതികരിക്കാത്തത് എന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. ഫാസിസ്റ്റ് ഭരണത്തിനെതിരെ ജനാധിപത്യ മതേതര കക്ഷികളുമായി കൈകോര്‍ത്ത് ഏതറ്റം വരെ പോകാനും തയ്യാറാണ്. അക്രമം അവസാനിപ്പിച്ച് ആയുധം താഴെവയ്ക്കാൻ സിപിഎം തയ്യാറായാല്‍ മാത്രം മതി.
ദേശീയതലത്തില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സിപിഎം തയ്യാറാകുന്നുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇതിനെ പിന്തുണച്ചതുമാണ്. ദേശീയ തലത്തില്‍ സിപിഎം സ്വീകരിക്കുന്ന നിലപാടല്ല കേരളത്തില്‍ സ്വീകരിക്കുന്നതെന്നും മുല്ലപ്പള്ളി പറയുന്നു. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കേരളത്തിലെ സിപിഎമ്മിന്റേത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയന്റേയും നിലപാടുകളില്‍ നിന്നും അത് വ്യക്തമാണ്.
ദേവികുളം സബ് കളലക്ടര്‍ രേണു രാജിനെ, എസ്.രാജേന്ദ്രന് എംഎല്‍എ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. വനിതാ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണോ നവോത്ഥാനമെന്ന് ചോദിച്ച മുല്ലപ്പള്ളി സിപിഎമ്മിന് ജീര്‍ണതയുടെ സംസ്കാരമാണെന്നും കുറ്റപ്പെടുത്തി.