മലപ്പുറം: ജേക്കബ് തോമസിനെ വിജിലൻസ് സ്ഥാനത്തുനിന്നും നീക്കിയതിനെ അനുകൂലിച്ച് കോൺഗ്രസ്. ജേക്കബ് തോമസ് മാലാഖയോ വിശുദ്ധനോ അല്ലെന്നും അദ്ദേഹത്തെ മാറ്റിയത് ശരിയായ നടപടിയാണെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ. ജിഷ വധക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ട് തയാറാക്കിയ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ അറിവില്ലാതെയാണ് അധികാരപരിധിയിൽ വരാത്ത സംഭവം ജേക്കബ് തോമസ് അന്വേഷിച്ചതെതെന്നും ഹസ്സൻ ആരോപിച്ചു.

ജേക്കബ് തോമസിന്റെ കട്ടിൽ കണ്ട് പനിക്കേണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി നിരന്തരം കോടതികൾ വിമർശനമുന്നയിച്ചതിനെ തുടർന്നാണ് ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിച്ചതെന്നും ഹസ്സൻ പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യസമിതി തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.മാണിയെ യുഡിഎഫിൽ തിരികെക്കൊണ്ടുവരുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരിക എന്ന യുഡിഎഫ് നയത്തിന് ലഭിച്ച അംഗീകാരമാണ് മദ്യശാലകൾക്കെതിരായ സുപ്രീംകോടതി വിധിയെന്നും ഹസ്സൻ പറഞ്ഞു. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിനു വോട്ട് ചെയ്യുമെന്നും കോൺഗ്രസ് നേതാക്കളെല്ലാം പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്നും ഹസ്സൻ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.