തിരുവനന്തപുരം: മുന്നണി താത്പര്യം മുൻനിർത്തി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതെന്ന് കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസ്സൻ ആവർത്തിച്ചു. ഇത് മനസിലാക്കി പ്രവർത്തകർ പാർട്ടിക്കെതിരായ കലാപം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിനാറ് സീറ്റുകളിൽ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ്-രണ്ട്, കേരള കോണ്‍ഗ്രസ്-എം- ഒന്ന്, ആർഎസ്പി-ഒന്ന് എന്ന നിലയിൽ തന്നെയാവും സീറ്റ് വിഭജനം നടത്തുക. യുഡിഎഫ് കണ്‍വീനർ സ്ഥാനം കോണ്‍ഗ്രസ് തന്നെ വഹിക്കുമെന്നും ലീഗ് ഈ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും ഹസൻ പറഞ്ഞു.
വയനാട് സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, നിങ്ങളോട് ആവശ്യപ്പെട്ടു കാണും, ഞങ്ങളോട് ചോദിച്ചിട്ടില്ല എന്നാണ് ഹസൻ മറുപടി നൽകിയത്. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിനെതിരേ യുവനേതാക്കൾ ഫേസ്ബുക്കിൽ നടത്തിയ വിമർശനം ശ്രദ്ധയിൽപെട്ടില്ലേ എന്ന ചോദ്യത്തിന്, പത്രം വായിക്കാനും വാർത്ത കാണാനും നേരമില്ല, പിന്നല്ലേ ഫേസ്ബുക്ക് എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് എംഎൽഎമാർ എല്ലാവരും കേരള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ഹസ്സൻ, വിപ്പ് നൽകി കഴിഞ്ഞാൽ ആർക്കെങ്കിലും മാറ്റി ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു. അങ്ങനെ സംഭവിച്ചാൽ എന്താകും എംഎൽഎമാരുടെ സ്ഥിതിയെന്ന് എല്ലാവർക്കും അറിവുള്ളതല്ലേയെന്നും ഹസൻ ചോദിച്ചു.
രാജ്യസഭാ സീറ്റ് വിട്ടു നൽകിയതിനെതിരെ കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധവും വികാരപ്രകടനവും കെപിസിസി മാനിക്കുന്നുവെന്ന് പറഞ്ഞ ഹസ്സൻ, അടുത്ത തവണ രണ്ടു സീറ്റിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും വ്യക്തമാക്കി.