തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ മനുഷ്യനായാൽ തെറ്റുപറ്റുമെന്ന് പറയാനല്ല വനിതാ കമ്മീഷനെ നിയോഗിച്ചിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റെ എംഎം ഹസൻ
ലൈംഗിക പീഡന കേസിൽ സിപിഎമ്മിന്റെ നേതാവായ പികെ ശശി എംഎല്‍എയ്ക്കെതിരേ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തപ്പോള്‍, സംസ്ഥാന വനിതാ കമ്മീഷന് വെറും നോക്കുകുത്തിയായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ അഭിപ്രായപ്പെട്ടു.
സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ പികെ ശശി എംഎല്‍എയ്ക്ക് പാര്‍ട്ടിയും സര്‍ക്കാരും വനിതാ കമ്മീഷനും ഉരുക്കുകോട്ടപോലെ സംരക്ഷണം തീര്‍ക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്.
സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത വനിതാ കമ്മീഷനെ ഉടനടി പിരിച്ചുവിടണമെന്നു ഹസന് ആവശ്യപ്പെട്ടു.
സംസ്ഥാന വനിതാ കമ്മീഷന് എത്രയോ പേര്‍ക്കെതിരേ സ്വമേധയാ കേസെടുത്തു. സ്ത്രീകള്‍ക്കെതിരേ പരാമര്‍ശം നടത്തിയതിന് പോലും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ ലൈംഗിക ആരോപണ പരാതിയില്‍ ചെറുവിരല്‍ അനക്കാന്‍ വനിതാ കമ്മീഷന് തയാറായില്ല. മനുഷ്യനായാല്‍ തെറ്റു പറ്റുമെന്നു പറയാനല്ല വനിതാ കമ്മീഷനെ വച്ചിരിക്കുന്നതെന്നു ഹസന് പറഞ്ഞു.
സ്ത്രീത്വത്തിന് നേരേ നീളുന്ന കരങ്ങള്‍ ഏത് പ്രബലന്റേതാണെങ്കിലും പിടിച്ചുകെട്ടി നിയമത്തിന് മുന്നില്‍ എത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടോയെന്ന് അറിയാന്‍ കേരളം കാത്തിരിക്കുന്നു.
സിപിഎമ്മിന് ലഭിച്ച പരാതി പൊലീസിന് കൈമാറി പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിന് വൈകിയാൽ കോണ്‍ഗ്രസ് ഇടപെടുമെന്ന് ഹസന് പറഞ്ഞു.