കൽപ്പറ്റ: കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വഞ്ചിച്ചതിന് കെ.എം.മാണി വലിയ വില നൽകേണ്ടി വരുമെന്ന് കെപിസിസി പ്രസിഡൻഡ് എം.എം.ഹസൻ. കെ.എം.മാണിയെയും ജോസ് കെ.മാണിയെയും കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമായിക്കും. ഈ വഞ്ചനയ്ക്ക് കേരളം ഒരിക്കലും മാപ്പ് തരില്ലെന്നും ഹസൻ പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആസൂത്രിതമായ വഞ്ചനയാണ് നടന്നത്. ഇത് ചെയ്തവർ രാഷ്ട്രീയ ആത്മഹത്യ നടത്തേണ്ടിവരുമെന്നും ഹസൻ തുറന്നടിച്ചു. യുഡിഎഫ് പിന്തുണയോടെ വിജയിച്ച മാണിയും ജോസ് കെ.മാണിയും ജനപ്രതിനിധികളായി തുടരുന്നത് അധാർമികതയാണെന്നും ഹസൻ പറഞ്ഞു.
സിപിഎമ്മിനെ കൂട്ടുപിടിച്ച് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സിപിഎം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് കേരള കോൺഗ്രസിലെ സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയു ചെയ്തു.
സിപിഎമ്മിന്റെ ആറുവോട്ടടക്കം കുതിരവേലിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചു. സണ്ണിക്ക് എട്ടും. സിപിഐ വോട്ടുചെയ്തില്ല. പി.സി.ജോര്‍ജ് വിഭാഗം ഏക വോട്ട് അസാധുവാക്കി. 22 അംഗങ്ങളാണ് കോട്ടയം ജില്ലാ പഞ്ചായത്തിലുളളത്. കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.