കണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും ആഭ്യന്തര വകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. “ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇരുകൂട്ടരും തമ്മിലുള്ള പോർവിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയതാണ്. ഈ ചോരക്കളി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല,” സുധാകരന്‍ വ്യക്തമാക്കി.
“സംസ്ഥാനത്ത് ക്രമസമാധാനനില പൂർണമായും തകർന്നു. കൊല്ലും കൊലയും അക്രമസംഭവങ്ങളും സർവസാധാരണമായി. കൊലവിളി മുഴക്കി ഗുണ്ടാ സംഘങ്ങൾ പൊലീസിനെ പോലും വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. പൊലീസും ആഭ്യന്തര വകുപ്പും നിഷ്ക്രിയമാണ്. പൊലീസിനെ ഭരിക്കുന്നത് സിപിഎമ്മാണ്. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
“ആഭ്യന്തര വകുപ്പിന്റെ നിഷ്ക്രിയത്വം പ്രതിപക്ഷം പല തവണ ചൂണ്ടിക്കാണിച്ചതാണ്. അതിന് അടിവരയിടുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്നത്. സർക്കാരിന് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം എന്നത് കേരളത്തിലെ ഏറ്റവും വലിയ തമാശയായി മാറികഴിഞ്ഞു,” കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മീന്‍പിടിത്തം കഴിഞ്ഞു വീട്ടിലെത്തിയഹരിദാസിനെ ബന്ധുക്കളുടെ മുന്നിലാണു വെട്ടിക്കൊന്നത്. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്നാണു സിപിഎമ്മിന്റെ ആരോപണം.
ഹരിദാസിനെ ആക്രമിച്ചത് അഞ്ചംഗ സംഘമാണെന്നും ഇതില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞതായും സഹോദരൻ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഘത്തിലെ രണ്ടു പേര്‍ പരിസരത്തുള്ളവരാണെന്നും ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരെ അക്രമികള്‍ വാള് വീശി ഭീഷണിപ്പെടുത്തിയതായും സുരേന്ദ്രന്‍ പറഞ്ഞു.
ക്ഷേത്രത്തിലുണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അതു സംസാരിച്ച് പരിഹരിച്ചെങ്കിലും തുടര്‍ന്നും അടിയുമുണ്ടായതായും സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ഹരിദാസനും തനിക്കും ഭീഷണിയുണ്ടായിരുന്നെന്നും ഇതുകാരണം കുറച്ച് ദിവസം പണിക്കു പോയിരുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Also Read: ഹരിദാസന്റെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകള്‍; ഏഴു പേര്‍ കസ്റ്റഡിയില്‍