scorecardresearch

ധീരജിന്റേത് പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വം; സിപിഎമ്മിന് ആഹ്ളാദമെന്നും സുധാകരന്‍

കേരളത്തിലെ കോളേജുകളില്‍ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംയുക്തമായി ഉണ്ടാക്കിയ കലാപത്തിന്റെ ഫലമാണ് കൊലപാതകമെന്നും സുധാകരന്‍ ആരോപിച്ചു

ധീരജിന്റേത് പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വം; സിപിഎമ്മിന് ആഹ്ളാദമെന്നും സുധാകരന്‍

ആലപ്പുഴ: ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരായ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വിമര്‍ശനം വിവാദമാകുന്നു. ധീരജിന്റേത് പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണെന്നും അതില്‍ സിപിഎം ആഹ്ളാദിക്കുകയാണെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

“നിരന്തരമായ സംഘട്ടനങ്ങള്‍ കോളേജില്‍ നടന്നിരുന്നു, ഡിവൈഎഫ്ഐ ക്രിമിനലുകള്‍ ക്യാമ്പ് ചെയ്തായിരുന്നു പ്രവര്‍ത്തനം. കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റിനെ അവര്‍ തല്ലി ആശുപത്രിയിലാക്കി. കോളേജില്‍ മതിയായ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കെ എസ് യു ജില്ലാ പ്രസിഡന്റ് പൊലീസിന് കത്ത് നല്‍കിയിരുന്നു,” സുധാകരന്‍ വ്യക്തമാക്കി.

“കേരളത്തിലെ കോളേജുകളില്‍ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംയുക്തമായി ഉണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണിത്. അതില്‍ സിപിഎമ്മിന് ദുഖമല്ല. ആഹ്ളാദമാണ്. ധീരജ് മരിച്ചപ്പോള്‍ അപലപിക്കേണ്ടതിന് പകരം രക്തസാക്ഷി മണ്ഡപത്തിന് എട്ട് സെന്റ് ഭൂമി വാങ്ങുകയാണ് ചെയ്തത്,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

“എല്ലാ ജില്ലകളിലും അവരുടെ സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള പരിപാടികളില്‍ തിരുവാതിരക്കളിയടക്കം നടത്തി ആഹ്ളാദിക്കുകയാണ് സിപിഎം. എംഎ ബേബി ഉള്‍പ്പടെയുള്ള നേതാക്കള്‍ അത് നോക്കി നിന്നു. സിപിഎം വ്യാപകമായ അക്രമം അഴിച്ചു വിടുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്,” സുധാകരന്‍ പറഞ്ഞു.

അതേസമയം, ധീരജിനെ സുധാകരന്‍ ഇനിയും അപമാനിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. “കെപിസിസി പ്രസിഡന്റിനെപ്പോലൊരു വ്യക്തി പറയേണ്ട വാചകമല്ല അത്. രക്തസാക്ഷികള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു ആദരവുണ്ട്. അത് പോലും കൊടുക്കാന്‍ തയാറാകുന്നില്ല,” ധീരജിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കൊലപാതകം നടത്തി, വീണ്ടും കൊലപാതകം നടത്തുന്ന തരത്തിലാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനം. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രകോപനപരമാണ്. നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് ഇത്തരം പ്രസ്താവനകള്‍. ഇതില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം പിന്തിരിയേണ്ടതുണ്ട്,” കോടിയേരി പറഞ്ഞു.

Also Read: ധീരജ് വധം: കൊലയാളി കെ.എസ് ബ്രിഗേഡ് തലവൻ; സുധാകരൻ കൊലപാതകത്തെ ന്യായീകരിക്കുന്നു: ഡിവൈഎഫ്ഐ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kpcc president k sudhakaran on sfi activist dheerajs death