മോഫിയയുടെ മരണം: സിഐയുടെ സസ്‌പെൻഷന്‍ കോണ്‍ഗ്രസിന്റെ വിജയമെന്ന് സുധാകരന്‍

സിഐക്കെതിരെ നടപടിയെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാരിനെ സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു

KPCC, K Sudhakaran
Photo: Screengrab

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച സി.ഐ. സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത് കോണ്‍ഗ്രസിന്റെ പോരാട്ടത്തെ തുടര്‍ന്നാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി.

“ആരോപണ വിധേയനായ സിഐയെ ആദ്യം തന്നെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വിവേകം സര്‍ക്കാര്‍ കാണിക്കണമായിരുന്നു. വൈകിയെങ്കിലും സ്വീകരിച്ച കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. എവിടെ നീതി നിഷേധിക്കപ്പെടുന്നുവോ അവിടെ കോണ്‍ഗ്രസ് പോര്‍മുഖം തുറക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും,” സുധാകരന്‍ പറഞ്ഞു.

“സത്യത്തിനും നീതിക്കും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം ജലപീരങ്കിയും ഗ്രനേഡും ലാത്തിചാര്‍ജും നടത്തി തകര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ പൊലീസ് ശ്രമിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ പോരാട്ടത്തിന് ശേഷം ലഭിച്ച വിജയമാണ് സിഐയുടെ സസ്‌പെന്‍ഷന്‍.
അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് സിഐയ്ക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇയാളെ പൊലീസ് ആസ്ഥാനത്ത് നിയമനം നല്കി പിണറായി സര്‍ക്കാര്‍ ആദരിക്കുകയാണു ചെയ്തത്. സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ കൊണ്ട് പ്രഹസന അന്വേഷണം നടത്തി ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് തുനിഞ്ഞതെന്നും സുധാകരന്‍ ആരോപിച്ചു.

മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസന്വേഷണം നീതിപൂര്‍വ്വമായിരിക്കണം. ജനങ്ങളുടെ സോഷ്യല്‍ ഓഡിറ്റിംഗ് ഈ കേസിലുണ്ടാകും. കുറ്റക്കാരെ സംരക്ഷിക്കാനായി അന്വേഷണത്തില്‍ വെള്ളം ചേര്‍ത്താല്‍ മൊഫിയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് വീണ്ടും പ്രക്ഷോഭം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

Also Read: മോഫിയയുടെ മരണം: സിഐക്ക് സസ്‌പെൻഷന്‍; പ്രതികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് പിതാവ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kpcc president k sudhakaran on mofiya death case

The moderation of comments is automated and not cleared manually by malayalam.indianexpress.com