കൊച്ചി:എ കെ ജി സെന്ററില്‍ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജിതിന് നിരപരാധിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സി പി എം തീകൊണ്ട് തല ചൊറിയുകയാണെന്നും സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ജിതിനെ വിട്ടയച്ചില്ലെങ്കില്‍ വെള്ളിയാഴ്ച പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുമെന്നും സുധാകരന് പറഞ്ഞു. പൊലീസ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നവരെ ചോക്ലേറ്റില്‍ മായം കലര്‍ത്തി മയക്കുന്നു. നിലവില്‍ എ.കെ.ജി. സെന്റര്‍ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജിതിനും അത്തരത്തില്‍ ചോക്ലേറ്റ് കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
പടക്കമെറിഞ്ഞത് സിപിഎം പ്രാദേശിക നേതാവിന്റെ ആളുകളെന്നു നേരത്തെ വ്യക്തമായതാണ്. പടക്കമെറിയേണ്ട കാര്യം കോണ്‍ഗ്രസിനില്ല. കെപിസിസി ഓഫീസ് ആക്രമിച്ചവര്‍ക്കെതിരെ നടപടിയില്ല. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യംചെയ്യലിനൊടുവില്‍ പതിനൊന്നരയോടു കൂടിയായിരുന്നു ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്.