തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോന്സണ് മാവുങ്കലുമൊത്തുള്ള ചിത്രം വിവാദമായതോടെ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. മോന്‍സണുമായി ബന്ധമുണ്ടെന്നും നിരവധി തവണ വീട്ടില്‍ പോയി കണ്ടിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് പരാതിയെക്കുറിച്ചോ പരാതിക്കാരനെയോ അറിയില്ല. ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് സംശയിക്കുന്നതായും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
“മോന്സണ് മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ച് തവണ കണ്ടിട്ടുണ്ട്. എത്ര തവണ വീട്ടില്‍ പോയിട്ടുണ്ടെന്ന് എണ്ണിയിട്ടില്ല. ഡോക്ടറെന്ന നിലയിലാണ് പരിചയം. എന്നെ ചികിത്സിച്ചിട്ടുമുണ്ട്. പക്ഷെ വ്യാജ ഡോക്ടറാണെന്ന് അറിയില്ലായിരുന്നു. എന്നോട് സംസാരിച്ചെന്ന് പറയുന്ന പരാതിക്കാരനെ അറിയില്ല. ഉന്നയിക്കുന്ന തരത്തില്‍ അത്തരമൊരു ചര്‍ച്ച മോന്‍സണ്‍ന്റെ വീട്ടില്‍ വച്ച് നടന്നിട്ടില്ലെന്ന് അടിവരയിട്ട് പറയുകയാണ്,” സുധാകരന് വ്യക്തമാക്കി.
“മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അഞ്ച് തവണയിലേറെ പരാതിക്കാരനെ വിളിച്ചുവെന്ന് അയാൾ തന്നെ പറയുന്നു. 2018 ല്‍ ഞാന്‍ പാര്‍ലമെന്റ് അംഗം പോലുമല്ല. വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് എനിക്കെതിരെ വന്നിട്ടുള്ളത്. ആരോപണം തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കാന്‍ തയാറാണ്. തനിക്കെതിരെ ആരുടെയോ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രിയാണ് ഈ ആരോപണത്തിന് പിന്നിലെന്ന് സംശയിക്കുകയാണ്,” സുധാകരന് പറഞ്ഞു.
സുധാകരനും മോന്‍സണും ഉള്‍പ്പെട്ട ചിത്രത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണും ഭാഗമായിരുന്നു. മോന്‍സണെ ഒരു പ്രവാസി മീറ്റിങ്ങില്‍ വച്ചാണ് പരിചയപ്പെട്ടതെന്ന് അദ്ദേഹം മീഡിയ വണ്‍ ന്യൂസിനോട് പറഞ്ഞു. “പ്രവാസി മലയാളി ഫെഡറേഷന് കേരളത്തിലെ എല്ലാ ജില്ലകളിലും പാലിയേറ്റിവ് കെയര്‍ സെന്റര്‍ തുടങ്ങണമെന്ന് പദ്ധതിയിട്ടിരുന്നു. അത് സ്പോണ്സര് ചെയ്യാമെന്ന് മോന്സണ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷമായി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല,” ജിജി തോംസണ്‍ പറഞ്ഞു.
മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട പണമിടപാടില്‍ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരന് ഉന്നയിച്ചിരുന്നത്. സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസണ് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈം ബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. 2018 നവംബർ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മോന്‍സന്റെ കലൂരുളള വീട്ടിൽവച്ചാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു. പ്രസ്തുത സാമ്പത്തിക ഇടപാടും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുണ്ട്.