തിരുവനന്തപുരം: കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് നടക്കും. രാവിലെ പത്തു മണിക്ക് നടക്കുന്ന യോഗം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യും. പാർട്ടിയിലെ അഴിച്ചുപണി സംബന്ധിച്ചും യോഗം ചർച്ച ചെയ്‌തേക്കും. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടിയുടെ തലപ്പത്ത് അഴിച്ചുപണി ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകരും നേതാക്കളും രംഗത്തു വന്നിരുന്നു.
തിരഞ്ഞെടുപ്പ് തോൽവിയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കടുത്ത വിമർശങ്ങൾ പാർട്ടിയിൽ നിന്നും വന്നിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെക്കണമെന്ന ആവശ്യം ചില നേതാക്കൾ പരസ്യമായി ഉന്നയിച്ചിരുന്നു. അതിനാൽ ഇന്നത്തെ യോഗത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് നിർണായകമാണ്.
Read Also: 10 വർഷം പ്രതിപക്ഷത്ത് ഇരുന്നാലും തളരുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് കെ.മുരളീധരൻ
അടുത്ത പ്രതിപക്ഷ നേതാവിനെ കുറിച്ചും യോഗം ചർച്ച ചെയ്‌തേക്കും. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനം നല്ലതായിരുന്നുവെന്നുള്ള വിലയിരുത്തലാണുള്ളതെകിലും, അത് യുഡിഎഫിനെ വിജയത്തിലെത്തിക്കാൻ പ്രാപ്തമായില്ല എന്നത് പുതിയ ഒരു പ്രതിപക്ഷ നേതാവിനുള്ള സാധ്യതക്ക് വഴി വെച്ചിട്ടുണ്ട്.
കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹൈക്കമാൻഡ് നേതാക്കൾ അതിനു ശേഷമേ കേരളത്തിൽ എത്തുകയുള്ളൂ. അതിനാൽ നിർണായക തീരുമാനങ്ങൾ ഒന്നും കെപിസിസി ഇന്ന് എടുത്തേക്കില്ല. കൂടുതൽ ചർച്ചകളും അതിനു ശേഷമായിരിക്കും.