തിരുവനന്തപുരം: വെട്ടിയും തിരുത്തിയും ഒടുവിൽ ഹൈക്കമാന്റ് അംഗീകരിച്ച കെപിസിസി ഭാരവാഹി പട്ടിക പ്രകാരം ആദ്യ ജനറൽ ബോഡി യോഗം ഇന്ന് നടക്കും. രാവിലെ 10.30 നാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ യോഗം ചേരുക. 304 അംഗ പട്ടികയാണ് കഴിഞ്ഞ ദിവസം ഹൈക്കമാന്റ് അംഗീകരിച്ചത്.

282 പേർ ബ്ലോക്ക് കോൺഗ്രസ് പ്രതിനിധികളാണ്. പട്ടികയിൽ 45 പേർക്ക് 45 വയസ്സിൽ താഴെയാണ് പ്രായം. എ, ഐ ഗ്രൂപ്പുകൾക്ക് ഏതാണ്ട് തുല്യ പ്രാധാന്യം ലഭിച്ച പട്ടികയിൽ 25 ഓളം പേർ ഒരു ഗ്രൂപ്പിലും പെടാത്തവരാണ്. 28 സ്ത്രീകൾക്കും 18 പിന്നാക്ക വിഭാഗ പ്രതിനിധികൾക്കും പട്ടികയിൽ ഇടം ലഭിച്ചു.

എ​​​ഐ​​​സി​​​സി അം​​​ഗ​​​ങ്ങളായി 35 പേരെ കെപിസിസി ഭാരവാഹികൾ യോഗം ചേർന്നാണ് തീരുമാനിക്കേണ്ടത്. എന്നാൽ ഇന്ന് നടക്കുന്ന യോഗത്തിൽ എഐസിസി അംഗങ്ങളെ തിരഞ്ഞെടുത്തേക്കില്ല. ആദ്യം സമർപ്പിച്ച പട്ടിക തള്ളിയ രാഹുൽ ഗാന്ധി യുവാക്കൾക്കും സ്ത്രീകൾക്കും പിന്നാക്ക വിഭാഗക്കാർക്കും പ്രാധാന്യം ലഭിക്കുന്ന വിധത്തിൽ പുതിയ പട്ടിക സമർപ്പിക്കാൻ നേതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ