തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പങ്കെടുത്തേക്കില്ല. ആന്ധ്രപ്രദേശിലേക്ക് പോകുന്നതിനാലാണ് അദ്ദേഹത്തിന് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് വിവരം. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്തശേഷം ആദ്യമായാണ് അദ്ദേഹം അവിടേക്ക് പോകുന്നത്.

യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനെയും ഉമ്മൻ ചാണ്ടി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്നും നാളെയും ഉമ്മൻ ചാണ്ടി ആന്ധ്രയിൽ ഉണ്ടാകും. മുതിർന്ന നേതാക്കളെയും മുൻ എംപിമാരെയും ഡിസിസി ഭാരവാഹികളെയും അദ്ദേഹം സന്ദർശിക്കും.

അതിനിടെ, രാഷ്ട്രീയകാര്യ സമിതി യോഗത്തെ പരസ്യമായി വിമർശിച്ച് ജോസ്ഫ് വാഴയ്‌ക്കൻ രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയകാര്യസമിതി ചേര്‍ന്നതുകൊണ്ട് ഫലമില്ലെന്നും പാർട്ടിക്ക് നന്മയുണ്ടാക്കുന്ന ഒരു ആലോചനയും ഉണ്ടാകാനിടയില്ലെന്നും വാഴയ്‌ക്കൻ പറഞ്ഞു. കെപിസിസി എസ്‌സിക്യൂട്ടീവാണ് ഇത്തരം കാര്യങ്ങളിൽ നയപരമായ തീരുമാനങ്ങളെടുക്കാൻ അധികാരമുള്ള സമിതിയെന്നും അത് ഉടൻ വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ