തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയിൽ ഹൈക്കമാൻഡ് നിർദേശിക്കുന്ന മാറ്റങ്ങളുണ്ടാകുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം ഹസൻ. ഭാരവാഹികളുടെ പട്ടിക കോൺഗ്രസ് ഹൈമാൻഡിന് കൈമാറിയിട്ടുണ്ട്. പട്ടിക സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും ഹൈക്കമാന്റിനെ ധിക്കരിച്ച് ഒരു പിസിസിക്കും പ്രവർത്തിക്കാനാകില്ലെന്നും എം.എം ഹസൻ പറഞ്ഞു.

സോളർ റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ വി.എം. സുധീരൻ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ നേരിടണമെന്നാണ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനമെന്നും ചോദ്യത്തിനു മറുപടിയായി ഹസൻ പറഞ്ഞു.

കെ.പി.സി.സി പുന:സംഘടന സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകൾ തമ്മിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ഭാരവാഹി പട്ടിക അംഗീകരിക്കില്ലെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ് എന്നായിരുന്നു റിപ്പോർടട്ടുകൾ. കടുംപിടുത്തം തുടർന്നാൽ കേരളത്തെ ഒഴിവാക്കി എ.ഐ.സി.സി ചേരുമെന്നും മുതിർന്ന നേതാവും എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യങ്ങൾ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസനെ അറിയിച്ചുവെന്ന് മുല്ലപ്പള്ളി പറഞ്ഞു.

282 പേരടങ്ങുന്ന കെപിസിസി അംഗങ്ങളുടെ പട്ടികക്കെതിരെ എംപിമാരും യുവജന-മഹിളാ നേതാക്കളും നല്‍കിയ പരാതികള്‍ പരിഹരിക്കാന്‍ നിരവധി ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. ഇതിലൊന്നും സമവായമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. സംവരണ തത്വങ്ങൾ പാലിക്കാത്ത പട്ടിക അതേപടി അംഗീകരിക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാൻഡ് നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ