തിരുവനന്തപുരം: പ്രളയ കെടുതിയില്‍ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ചെലവില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ കെപിസിസി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി പ്രസിഡന്റ് എം.എം.ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വീടുകളുടെ നിര്‍മാണത്തിന് ആയിരം മണ്ഡലം കമ്മിറ്റികള്‍ അഞ്ച്‌ലക്ഷം രൂപ വീതം സ്വരൂപിക്കും.

ദുരിതബാധിത പ്രദേശങ്ങളിലെ മണ്ഡലം കമ്മിറ്റികളെ ധനസമാഹരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീടുകള്‍ക്കുള്ള ഗുണഭോക്താക്കളെ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ കണ്ടെത്തും. കോണ്‍ഗ്രസിന്റെ ഇനിയുള്ള പ്രവര്‍ത്തനം ദുരിതാശ്വാസത്തിന് വേണ്ടിയാണ്. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിനായി രംഗത്തിറങ്ങണമെന്നും ഹസന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇപ്പോള്‍ എത്തുന്ന തുക പ്രളയ ദുരിതത്തിന് മാത്രമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പലതിനും ഉപയോഗിക്കുന്നതാണ്. ഇപ്പോള്‍ ലഭിക്കുന്ന തുക വകമാറ്റരുത്. ഇതിനായി പ്രളയ ദുരിതാശ്വാസ നിധി രൂപീകരിച്ചാലും കുഴപ്പമില്ല. കിണറുകളുടെ ശുചീകരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ മാര്‍ഗനിർദ്ദേശം പുറപ്പെടുവിക്കുകയും മതിയായ ഫണ്ട് അനുവദിക്കുകയും വേണം. അഞ്ച് ലക്ഷം വരെയുള്ള മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതി തള്ളണം. ഇതിനുള്ള തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും കണ്ടെത്തണമെന്നും ഹസന്‍ പറഞ്ഞു.

വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷമെന്നത് കുറവാണ്. കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും നല്‍കണം. ഉരുൾപൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അതേ അളവില്‍ പകരം ഭൂമി നല്‍കിയ കീഴ്‌വഴക്കം ഇത്തവണയും നടപ്പാക്കണം. പ്രളയബാധിതര്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും ലഭിച്ചിട്ടില്ല. ഇത് 25,000 ആക്കി വര്‍ദ്ധിപ്പിക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ മറന്നും സഹകരിച്ച മത്സ്യതൊഴിലാളികള്‍ അടക്കമുള്ളവരെ കെപിസിസി അഭിനന്ദിക്കുന്നതായും ഹസന്‍ പറഞ്ഞു.

തുടര്‍കൃഷിക്ക് വായ്പ അനുവദിക്കുകയും അതിനുള്ള പലിശ സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുകയും വേണമെന്നും നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വിവിധ ഏജന്‍സികളിലൂടെ ലഭ്യമാക്കുന്നതിന് കാലതാമസം വരുന്നതിനാല്‍ ഏക ജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇതിന്റെ നിരീക്ഷണത്തിന് മുതിര്‍ന്ന ഐഎഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും വേണമെന്നും ഹസന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.