തിരുവനന്തപുരം: സോളാർ വിവാദത്തിൽ എ,ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണയായി. സോളാർ കേസിനെ രാഷ്ട്രീയമായി നേരിടാനും കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് നിലപാട് എടുക്കാനുമാണ് ഇരു ഗ്രൂപ്പുകളും തമ്മിൽ ധാരണയായത്. എന്നാല്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ജാഗ്രത കാട്ടിയില്ലെന്ന് വിഎം സുധീരന്‍ വിമര്‍ശിച്ചു. കേസിനെ രാഷ്ട്രീയപരമായി നേരിടുന്നതില്‍ എതിര്‍പ്പാണ്. നിയമപരമായി വേണം നേരിടാന്‍. അതേസമയം ലൈംഗിക പീഡനം നടന്നതായി വിശ്വസിക്കുന്നില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

സോളാര്‍ റിപ്പോര്‍ട്ടിന്മേലുള്ള നടപടികളുടെ പശ്ചാത്തലത്തിലാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ നീക്കത്തെ നേരിടാന്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് എംഎം ഹസന്‍ വ്യക്തമാക്കി. നിയമപരമായി നേരിടാന്‍ വിദഗ്ധരുമായി കൂടിക്കാഴ്ച്ച നടത്തും.

സോളാര്‍ വിവാദങ്ങള്‍ പാര്‍ട്ടിയെ ആകെ ബാധിക്കുന്നതാണെന്നും ഒറ്റക്കെട്ടായി നേരിടണമെന്നുമാണ് എ ഗ്രൂപ്പിന്‍റെയും ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്‍റെയും നിലപാട്. എന്നാല്‍ ആരോപണ വിധേയരെ നിരുപാധികമായി പിന്തുണക്കുന്നത് പാര്‍ട്ടിക്ക് ബാധ്യതയായി മാറരുതെന്ന നിലപാട് മറ്റൊരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

അഭിപ്രായ വ്യത്യാസം പരസ്യമാക്കാതെ സമവായത്തിലെത്താനാണ് രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വം ശ്രമിച്ചത്.
സോളാറില്‍ ആരോപണ വിധേയരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, ബെന്നി ബഹനാന്‍, പി.സി.വിഷ്ണുനാഥ് എന്നിവര്‍ രാഷ്ട്രീയകാര്യ സമിതിയംഗങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ