തിരുവനന്തപുരം : ഒന്നര വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, യു ഡി എഫ് നേതാക്കളുടെ തുടർഭരണ സ്വപ്നം തകർന്നടിഞ്ഞ ഫലമാണ് ഉണ്ടായത്. അതിന് ശേഷം ആ വീഴ്ചയിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനുളള ഓരോ ശ്രമവും വിജയത്തിലെത്താതെ അവസാനിക്കുന്ന കാഴ്ചയാണ് കോൺഗ്രസിനെ സംബന്ധിച്ച കേരളത്തിൽ നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് സോളാർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുളളവരെ പ്രതിക്കൂട്ടിലാക്കിയ സോളാർ റിപ്പോർട്ടും അതിന്മേൽ സർക്കാർ തുടങ്ങി വച്ച നടപടികളും പാർട്ടിയെ ഒരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം കുഞ്ഞാലിക്കുട്ടി നേടിയെങ്കിലും അതിനെ തുടർന്ന് നടന്ന വേങ്ങര നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് തിളക്കമുളള ജയം ആവർത്തിക്കാനായില്ല. ഇത്രയും കാലമില്ലാത്തവിധം എൽ ഡി എഫ് മുന്നോട്ട് പോകുകയും ചെയ്തു. സോളാർ റിപ്പോർട്ടും വേങ്ങര ഫലവും ബി ജെപിയുടെ സംസ്ഥാനത്തിൽ മാത്രമല്ല, കേന്ദ്ര തലത്തിലുളള നീക്കവും കേരളത്തിലെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുളള തിരഞ്ഞെടുപ്പ് ഹൈക്കമാൻഡിനും തലവേദന സൃഷ്ടിക്കുകയാണ്.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയർത്തി കൊണ്ടുവന്ന പേരുകളിൽ പലതും സോളാർ ആരോപണത്തോടെ മാറ്റിയെഴുതേണ്ട സ്ഥിതിയിലാണ് ഈ സ്ഥാനത്തിന് അവകാശമുന്നയിക്കുന്ന എ ഗ്രൂപ്പ്. “സോളാർ അഴിമതിയമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പേരുളളവരാരും കെ പി സി സി അധ്യക്ഷനായി വരാനുളള സാധ്യതിയല്ല, ആരാകാനാണ് സാധ്യത എന്നത് സംബന്ധിച്ച് ഒരു വ്യക്തതയുമില്ലെന്ന്” രാഷ്ട്രീയ നിരീക്ഷനും മാധ്യമ പ്രവർത്തകനുമായ സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.” സോളാർ സംബന്ധിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും അതിന് ശേഷം അതിലൊരു തീരുമുണ്ടാവുകയും ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്.” അദ്ദേഹം പറഞ്ഞു.

മികച്ച പ്രതിഛായയുളള ഒരു നേതാവിനെ പ്രസിഡന്റായി കണ്ടെത്തുകയെന്നത് മാത്രമല്ല, കേരളത്തിലെ ഗ്രൂപ്പുകളെ യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിനുളള കഴിവുളളയാളെ കൂടെ കിട്ടേണ്ടതുണ്ട്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ബെന്നിബെഹനാനും സോളാർ റിപ്പോർട്ടിൽ പേര് വന്നതോടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുളള വഴിയിൽ തടസ്സമായിട്ടുണ്ട്.

“പഴയ നേതാക്കൾ പുതിയ തലമുറയക്ക് വേണ്ടി വഴിമാറി കൊടുക്കാത്ത് പ്രശ്നമാണെന്ന്” രാഷ്ട്രീയ നിരീക്ഷകനും മാധ്യമ പ്രവർത്തകനുമായ ജേക്കബ് ജോർജ് പറുന്നു. . ബി ജെപിയിലാമെങ്കിൽ പഴയ നേതൃത്വം മാറിയിരിക്കുന്നു. കോൺഗ്രസിലാണെങ്കിൽ രണ്ട് വലിയ ഗ്രൂപ്പുകൾ ഇന്നും സജീവമായി നിലനിൽക്കുന്നു. സംഘടനാപരമായമാറ്റങ്ങൾ പാർട്ടിക്കുളളിൽ ഉണ്ടാകുന്നില്ല. കോൺഗ്രസ് തകർന്നാൽ ആ സ്ഥലം കൈയ്യടക്കാൻ ശ്രമിക്കുന്നത് ബി ജെ പിയാണ്. ന്യൂനപക്ഷങ്ങൾ അത് ഭയപ്പെടുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തിൽ മൂന്ന് രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യമായ ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിന് പുറമെ പ്രാദേശികവും ജാതി മതപരവുമായ സമവാക്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് മാത്രമേ കെ പി സി സി പ്രസിഡന്റിനെ നിയമിക്കാൻ സാധ്യമാവുകയുളളൂ എന്നതാണ് മറ്റൊരു പ്രതിസന്ധി.രമേശ് ചെന്നിത്തല എന്ന ഐ ഗ്രൂപ്പുകാരൻ പ്രതിപക്ഷ നേതാവായിരിക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണാണെന്നാണ് എ ഗ്രൂപ്പിന്രെ വാദം. സോളാർ റിപ്പോർട്ടിന്രെ ചൂടിൽ ബെന്നിബഹനാൻ പിന്തളളപ്പെടാനുളള സാഹചര്യം രൂപം കൊണ്ടപ്പോൾ പുതിയ പല പേരുകളും സമവാക്യങ്ങളെ മറികടന്ന് പ്രചരിപ്പിക്കപ്പെടുകയാണ്. മുൻമന്ത്രിയും എറണാകുളം എം പിയുമായ കെ. വി തോമസ് ആണ് ആ പേരുകളിലൊരാൾ, മറ്റൊരാൾ, പിടി തോമസ് എം. എൽ എ. പിന്നെ കെ പി സിസി വൈസ് പ്രസിഡന്ര് വി ഡി സതീശൻ, മുൻ കെ പി സി സി പ്രസിഡന്റും എം എൽ എയുമായ കെ. മുരളീധരൻ എന്നിവരുടെ പേരുകളാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

പഴയ ഐ ഗ്രൂപ്പുകാരനായിരുന്ന കെ വി തോമസിന് ഇപ്പോൾ അടുപ്പം എ ഗ്രൂപ്പിനോടാണ്. മാത്രമല്ല, ഡൽഹി ബന്ധവും സഭകളുമായുളള അടുപ്പവും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവർ ആ വാദത്തിന് പിൻബലമായി പറയുന്നു. പിടി തോമസിന്റെ പേര് ഉയർത്തുന്നവർ അദ്ദേഹിന്രെ പ്രതിഛായയാണ് അതിന് കാരണമായി ഉയർത്തുന്നത്. വി എം സുധീരനും എ ഗ്രൂപ്പുകാരനായ പി ടി തോമസിനോട് താൽപര്യമുണ്ട്. എന്നാൽ എ ഗ്രൂപ്പിലെ വന്പന്മാർക്ക് പിടി തോമസിനോട് താൽപര്യക്കുറവുണ്ട്. ഗാഡ്‌ഗിൽ റിപ്പോർട്ട് ഉൾപ്പടെയുളള കാര്യങ്ങളിൽ പിടി തോമസ് സ്വീകരിച്ച നിലപാട് കൊണ്ട് ക്രൈസ്തവ സഭയ്ക്കും താൽപര്യമുളള പേരല്ല പി ടി തോമസിന്റേത്. എന്നാൽ സാമൂഹിക വിഷയങ്ങളുൾപ്പടെയുളള വിഷയങ്ങളിൽ വ്യത്യസ്തമായ നിലപാടുകൾ സ്വീകരിച്ച് പൊതുസമൂഹത്തിൽ അംഗീകാരം നേടിയിട്ടുണ്ടെന്നതാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ എടുത്തു കാണിക്കുന്ന മെറിറ്റ്. വി ഡി സതീശൻ എം എൽ എ ഹരിത എം എൽ എ എന്ന പേരിൽ ശ്രദ്ധേയനായതാണ്. കെ പി സി സി വൈസ്പ്രസിഡന്റ് എന്ന നിലയിലും പല വിഷയങ്ങളിലും കോൺഗ്രസിന്രെ പോരാട്ടത്തിന്രെ മുന്നണിയിൽ നിന്ന കുന്തമുന എന്നതും സതീശനെ പിന്തുണയ്ക്കുന്നവർ ഉയർത്തിക്കാട്ടുന്നു. എന്നാൽ ഗ്രൂപ്പ്, ജാതി സമവാക്യങ്ങൾ സതീശന്രെ സാധ്യത കുറയ്ക്കുന്നു. ഇതേ പ്രതിസന്ധിയാണ് കെ. മുരളീധരന്രെ സാധ്യതയ്ക്കും പ്രധാനമായും മങ്ങലേൽപ്പിക്കുന്നത്. ഈ സാഹചര്യങ്ങളിൽ എം എം ഹസ്സനോട് തൽസ്ഥാനത്ത് തുടരാൻ പറയുമോ എന്ന് സംശയിക്കുന്നവരും കോൺഗ്രസിലുണ്ട്.

ഇവരാരുമല്ലാത്ത ഒരാളെ കൊണ്ടുവരാനായിരിക്കുമോ ഹൈക്കമാൻഡ് ശ്രമിക്കാനുളള സാധ്യത കുറവാണ്. കേരളത്തിൽ ശക്തമായ രണ്ട് ഗ്രൂപ്പുകളെയും പിണക്കി കൊണ്ട് ഒരാളെ പ്രസിഡന്രാക്കാൻ ഹൈക്കമാൻഡ് തയ്യാറാകില്ലെന്നാണ് ഇരുഗ്രൂപ്പുകളുടെയും പൊതുവേയുളള വിശ്വാസം. ഇരുഗ്രൂപ്പുകളും അക്കാര്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യും. ഗ്രൂപ്പ് നേതൃത്വത്തിന്രെ താൽപര്യത്തെ മറികടന്ന് വി എം സുധീരനെ പ്രസിഡന്റാക്കിയത് തന്നെ കോൺഗ്രസിനെ ബാധിച്ചുവെന്ന നിലപാടിലാണ് രണ്ടു ഗ്രുപ്പിപ്പെട്ടവർക്കും അഭിപ്രായമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ