കോഴിക്കോട്: മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാന്‍ മടങ്ങിവരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ പോരെന്നും കെ സുധാകരന്‍ പറഞ്ഞു. സജി ചെറിയാന്റെ മന്ത്രി പദവിയിലേക്കുള്ള തിരിച്ചുവരവ് യുഡിഎഫ് അംഗീകരിക്കില്ല. സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
സജി ചെറിയാനെ എന്തിനാണ് മന്ത്രിസഭയില്‍ നിന്ന് രാജിവെപ്പിച്ചതെന്ന് സിപിഎം പറയണം. അദ്ദേഹം തെറ്റ് ചെയ്തില്ലെന്ന് പ്രാഥമികമായി സിപിഎമ്മിന് ഉറപ്പുണ്ടായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം രാജിവെച്ചത്? സജി ചെറിയാന്റെ പ്രസംഗത്തില്‍ ഭരണഘടന ലംഘനം ഇല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ മതിയോ? അവര്‍ക്ക് എന്തും ആകാമെന്ന സ്ഥിതിയാണ്. സിപിഎമ്മിന് മാത്രം ഒന്നും ബാധകമല്ല. പൊതുജനം ഇത് ശരിയാണോയെന്ന് ചിന്തിക്കണം. കേരളത്തില്‍ ചരസ്സും എംഡിഎംഎയും ഒഴുകുകയാണ്. എല്ലാത്തിനും പിന്നില്‍ സിപിഎം , ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ലഹരി മാഫിയയ്ക്ക് വേണ്ടിയാണ് ഈ ഭരണമെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.
ഭരണത്തിലിരിക്കുന്ന സിപിഎം ഏത് കാര്യത്തിലാണ് നീതിപൂര്‍വം പ്രവര്‍ത്തിച്ചിട്ടുള്ളത്? എല്ലാത്തിനോടും മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം തീരുമാനിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആരോപണത്തില്‍ പോലും അന്വേഷണം നടത്താന്‍ തയാറാകുന്നില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്തെ അഴിമതിയെ കുറിച്ച് അന്വേഷിക്കേണ്ടെന്ന തീരുമാനിക്കാന്‍ സിപിഎമ്മിന് എന്ത് അധികാരമാണുള്ളത്. സിപിഎമ്മിന് എന്തും ആവാമെന്ന അവസ്ഥയാണ്. അരാജകത്വത്തിന്റെ വിളനിലമായി സംസ്ഥാനത്തെ മാറ്റുകയാണ്. സിപിഎമ്മിന്റെ ഇത്തരം പ്രവൃത്തികള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.
ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടന്ന പ്രസംഗത്തില്‍ ഭരണഘടനയ്ക്ക് എതിരായ പരാമര്‍ശം നടത്തിയെന്ന ആരോപണത്തിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച അന്വേഷണത്തില്‍ വിമര്‍ശനാത്മകമായി സംസാരിക്കുകയാണ് സജി ചെറിയാന്‍ ചെയ്തതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഭരണഘടനയെയോ ഭരണഘടനാ ശില്‍പികളെയോ അവഹേളിച്ചിട്ടില്ല. കേസ് തുടര്‍ന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കി.