തിരുവനന്തപുരം: കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ വ്യക്തതയുമായി മുന്‍ അധ്യക്ഷന്‍ എം.എം.ഹസന്‍. പ്രളയ ബാധിതര്‍ക്കായുള്ള കെപിസിസിയുടെ ആയിരം വീട് പദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഹസന്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആയിരം വീട് പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഹസന്‍ വിശദീകരിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ആയിരം വീട് പദ്ധതിക്കെതിരെ പരിഹാസം ഉന്നയിച്ച സാഹചര്യത്തിലാണ് കെപിസിസിയുടെ വിശദീകരണം.
ആയിരം വീട് പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടത് 50 കോടി രൂപയാണെന്ന് ഹസന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശാസ്തമംഗലം ധനലക്ഷ്മി ബാങ്കില്‍ അക്കൗണ്ട് രൂപീകരിച്ചാണ് ഫണ്ട് ശേഖരണം എന്ന് ഹസന്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കാന്‍ 50 കോടിയാണ് വേണ്ടത്. ഇതുവരെ കെപിസിസി ഫണ്ട് ശേഖരണത്തിലൂടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചത് മൂന്ന് കോടി 53 ലക്ഷം രൂപയാണ്. പ്രളയബാധിതര്‍ക്ക് കെ.പി.സി.സി. പ്രഖ്യാപിച്ച ഭവന പദ്ധതികളില്‍ കെ.പി.സി.സിക്ക് ലഭിച്ച ഫണ്ടുപയോഗിച്ച് ഇതിനകം വിവിധ ജില്ലകളില്‍ 23 വീടുകളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണെന്ന് ഹസൻ പറഞ്ഞു. 23 വീടുകളുടെ നിർമാണ ചെലവിനുള്ള തുക കഴിച്ച് ബാക്കി വരുന്ന 2.38 കോടി രൂപ 47 വീടുകളുടെ നിര്‍മ്മാണത്തിനായി വിവിധ ജില്ലകളിലേക്ക് നല്‍കിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കര്‍ണാടക പി.സി.സി. കെ.പി.സി.സി. ഫണ്ടിലേക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ തുക കൂടി കിട്ടിയാല്‍ 20 വീടുകള്‍ കൂടി കെ.പി.സി.സി. നിര്‍മ്മിച്ചു നല്‍കും. അങ്ങനെ മൊത്തം 96 വീടുകള്‍ കെ.പി.സി.സി. നിര്‍മ്മിച്ചു നല്‍കും. 14 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 110 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നു. എറണാകുളം ജില്ലയിലെ എം.എല്‍.എമാരായ വി.ഡി.സതീശന്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, റോജി.എന്‍.ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ അവരുടെ മണ്ഡലങ്ങളില്‍ അവരുടേയും, പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഈ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 വീടുകള്‍ കൂടി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് 371 വീടുകളാണ് പൂര്‍ത്തിയായതും പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതും. ഇതിന് മൊത്തം ചെലവാകുന്ന തുക 18.55 കോടി രൂപയാണെന്നും ഹസൻ പറഞ്ഞു.