തിരുവനന്തപുരം: കെപിഎസി ലളിതയെ സംഗീതനാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധവും നിയമ വിരുദ്ധവുമായ നിലപാടുകള്‍ സ്വീകരിക്കുന്ന ലളിത ആ സ്ഥാനത്തു തുടരാന്‍ അര്‍ഹയല്ലെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലളിതയും സിദ്ദീഖും ചേര്‍ന്ന് ഡബ്ല്യൂസിസിയ്ക്ക് എതിരെ നടത്തിയ പത്രസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് എഐവൈഎഫിന്റെ പ്രതികരണം.

കലാരംഗത്ത് നടമാടുന്ന എല്ലാത്തരം വിവേചനങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കാനും നിലപാട് കൈക്കൊള്ളാനും ബാധ്യതപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് ഉത്തരവാദിത്വരഹിതമായ പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ല. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തങ്ങളുടെ സംഘടനക്ക് ബാധകമല്ലെന്നാണ് സിദ്ദിക്കും കെപിഎസി ലളിതയും പറയുന്നതെന്നും എഐവൈഎഫ് പറഞ്ഞു.

പരാതികള്‍ ഉന്നയിക്കാനുള്ള സമിതിയെന്ന ആവശ്യത്തോടുള്ള ഇവരുടെ പരിഹാസം രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയോടുള്ള പരിഹാസമാണ്. എ.എം.എം.എ എന്ന സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ മാപ്പുപറയണമെന്ന ലളിതയുടെ ആവശ്യം പരിഹാസ്യമാണ്.
സിനിമാരംഗത്തെ തമ്പുരാക്കന്മാരുടെയും, യജമാനന്മാരുടെയും വക്താക്കളായി ഇവര്‍ പ്രവര്‍ത്തിക്കുന്നത് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ പദവികളില്‍ ഇരുന്നു കൊണ്ടാണെന്നത് ഗൗരവമായി കാണണമെന്നും പ്രസ്താവനയില്‍ പറയുന്നു.

സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തുറന്നു പറയുന്നവരെ നിശബ്ദരാക്കുന്നതിനുള്ള നീക്കമാണ് എ.എം.എം.എ നേതൃത്വം നടത്തുന്നത്. സിനിമാരംഗത്ത് നടന്ന അനഭിലഷണീയ പ്രവണതകള്‍ക്ക് എതിരെ മന്ത്രിമാരുള്‍പ്പെടെ രംഗത്തുവന്നിരിക്കുന്ന ഘട്ടത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്ന് സര്‍ക്കാര്‍ നയത്തിനെതിരായി പ്രവര്‍ത്തിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എ.ഐ.വൈ.എഫ് പറഞ്ഞു.

സുപ്രീംകോടതി നിര്‍ദേശത്തെ പരിഹസിക്കുകയും, ആ നിര്‍ദ്ദേശം നടപ്പാക്കുകയില്ലെന്ന് പരസ്യമായി പറയുകയും ചെയ്യുന്ന നടന്‍ സിദ്ദിഖിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ ന്യായീകരിച്ച നടപടിയും ഗൗരവമായി കാണണം. സിനിമാരംഗത്തെ എല്ലാത്തരം വൃത്തികേടുകള്‍ക്കും കുടപിടിക്കുന്ന എ.എം.എം.എ
എന്ന സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കണം. വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും ആരാധകരെ കയറൂരി വിടുന്ന സൂപ്പര്‍ താരങ്ങളുടെ നിലപാട് അപലപനീയമാണ്. സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ