കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെടുത്തി നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ കെപിഎസി ലളിത രംഗത്ത്. നടിക്കെതിരെ നടന്ന ആക്രമണം ലൈംഗികമായി ചൂഷണം ചെയ്യാനല്ല, പണത്തിന് വേണ്ടിയാണെന്ന് കെപിഎസി ലളിത പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ വേദിയിലാണ് കെപിഎസി ലളിതയുടെ അഭിപ്രായ പ്രകടനം.

പ്രതികളെ അഞ്ച് ദിവസമായിട്ട് പിടികൂടാനായിട്ടില്ല. ഇല്ലാത്ത ആരോപണങ്ങളാണ് മകനെതിരെ ഉണ്ടാകുന്നത്. തന്റെ മകന്‍ ഇങ്ങനെയൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം എന്നാണ് താനും പറയുന്നത്. കുറ്റക്കാരെ തൂക്കിക്കൊല്ലുകയോ പൊതുജനത്തിന് മുന്നിലേക്ക് വിട്ടുുകൊടുക്കുകയോ ചെയ്യണമെന്നും ലളിത പറഞ്ഞു.

താന്‍ സിപിഐയുടെ പ്രവര്‍ത്തകയാണെന്ന പ്രചരണം നടക്കുന്നുണ്ട്. ഓര്‍മ്മവെച്ച കാലം മുതല്‍ താന്‍ കാണുന്ന നിറമാണ് ചുവപ്പ്. അതില്‍ ഉറച്ച് വിശ്വസിക്കുന്നതായും ലളിത പറഞ്ഞു. ഞങ്ങള ചെളിവാരി എറിയാനും കൂടെ നിന്ന് സഹായിക്കുന്നവര്‍ മാറി നിന്ന് കുറ്റം പറയുന്ന സാഹചര്യം വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സംഭവത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ പ്രതികരണവുമായി നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ രംഗത്തെത്തിയിരുന്നു. കേസിൽ തന്റെ പേര് ഉൾപ്പെട്ടത് വേദനയുണ്ടാക്കിയെന്നും വാർത്തകൾ അടിസ്ഥാന രഹിതമാണെന്നുമാണ് സിദ്ധാർത്ഥ് പറഞ്ഞത്. കാക്കനാട്ടെ ഒരു ഫ്ലാറ്റിൽ നിന്നും കേസുമായി ബന്ധപ്പെട്ട് ഒരു പ്രതി അറസ്റ്റിലായി. സംവിധായകനായ ഒരു യുവനടന്റെ ഫ്ലാറ്റാണതെന്നും വാർത്തയുണ്ടായിരുന്നു. ഇതോടെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്.

വിവാദത്തിലേക്ക് എന്റെ പേര് വലിച്ചിഴച്ചതിൽ വേദനയുണ്ട്. രാവിലെ മുതൽ എനിക്ക് എതിരായ വാർത്തകൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ ആ നടൻ ഞാനല്ല. ഒരു വാസ്തവുമില്ലാത്ത വാർത്ത വന്നതിന്റെ ആഘാതം മാറിയിട്ടില്ല. മനസ് ശാന്തമായ ശേഷം ഇക്കാര്യത്തിൽ വിശദമായി പ്രതികരിക്കുമെന്നും സിദ്ധാർത്ഥ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ