തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കാനില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി. ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ടാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. സംഘടനാ ചുമതല ഉളളത് കൊണ്ടാണ് താന്‍ പിന്‍മാറുന്നതെന്നാണ് മജീദ് പ്രതികരിച്ചത്. എന്നാൽ പാർട്ടിയിലെ യുവനേതാക്കളുടെ പ്രതിഷേധത്തെ തുടർന്നാണ് മജീദ് പിന്മാറിയതെന്നാണ് വിവരം.

നാളെയാണ് ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. പി.പി.ബഷീര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗമാണ് പി.പി.ബഷീര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളില്‍ നടക്കുമെന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നു.

അടുത്തമാസം 11നാണ് വേങ്ങരയില്‍ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 15നും. ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടർന്ന് മലപ്പുറം മണ്ഡലത്തിൽനിന്ന് പാർലമ​ന്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കുഞ്ഞാലിക്കുട്ടി ഏപ്രിൽ 25നാണ് നിയമസഭാംഗത്വം രാജിവെച്ചത്. സാധാരണ ഗതിയിൽ നിയമസഭ സീറ്റ് ഒഴിവ് വന്നാൽ ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ഇതനുസരിച്ചാണ് ഒക്ടോബർ 25നകം തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ