scorecardresearch

ശബരിമല കയറാനെത്തുന്ന സ്ത്രീകളെ തടയുമെന്ന് കെപി ശശികല

ശബരിമലയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള 50 ഓളം സ്ത്രീകളാണ് വരുന്നത്

കോട്ടയം: ശബരിമലയിലേക്ക് അമ്പതോളം സ്ത്രീകൾ പ്രവേശനം നടത്താനിരിക്കെ അവരെ തടയുമെന്ന പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല. നാമ ജപ പ്രതിഷേധത്തിലൂടെ ഇവരെ തടയുമെന്നും ആരും മല കയറില്ലെന്നും അവര്‍ പറഞ്ഞു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ ബലത്തിലാണ് ചെന്നൈ ആസ്ഥാനമായ മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ മല കയറാനെത്തുന്നത്. ഇവർക്കൊപ്പം കേരളത്തിൽ നിന്നുളള സ്ത്രീകളും ഉണ്ട്.

ഒഡീഷ. ഛത്തീസ്ഗഡ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുളള സ്ത്രീകളാണ് യാത്ര തിരിച്ചിരിക്കുന്നത്. എന്ത് സംഭവിച്ചാലും മല കയറുമെന്ന നിലപാടിലാണ് ഈ സ്ത്രീകൾ. അതേസമയം പ്രതിഷേധം ശക്തമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

മുൻപ് മല കയറാനെത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും മടക്കി അയച്ചതിന് സമാനമായി നാമജപ പ്രതിഷേധം നടത്തുമെന്ന് കെപി ശശികല പറഞ്ഞു.  ഇതുവരെ എത്തിയവരൊക്കെ മല കയറാതെ മടങ്ങിയതു പോലെ മനിതി സംഘവും മടങ്ങുമെന്നാണ് കെ പി ശശികല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. അയ്യപ്പന്‍ തന്നെ ഇവരെ മടക്കി അയക്കാനുള്ള വഴി കാണുമെന്നും നാമ ജപ പ്രതിഷേധത്തിലൂടെ ഇവരെ തടയുമെന്നും പറഞ്ഞ അവർ ആരും മല കയറില്ലെന്നും കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kp sasikala women entry sabarimala manithi