കൊച്ചി:’ആയുസ്സിന് വേണ്ടി എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്’ എന്ന് ഹിന്ദുഐക്യവേദി നേതാവ് ശശികല പറഞ്ഞു. പറവൂരില്‍ ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിക്കിടെയാണ് പ്രസ്താവനയുമായി ശശികല രംഗത്തെത്തിയത്.

” ആര്‍എസ്എസിനെ എതിര്‍ത്തത് കൊണ്ട് കൊലപാതകം നടത്തേണ്ട കാര്യമില്ല. എന്നാല്‍ അവിടെ കോണ്‍ഗ്രസിന് അങ്ങനെ ഒരു കൊല ആവശ്യമാണ്. ഇവിടത്തെ മതേതര എഴുത്തുകാര്‍ ആയുസ്സിന് വേണ്ടി മൃത്യുജ്ഞയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍‍ എപ്പോഴാണ് എന്താണ് വരുന്നതെന്ന് പറയാന്‍ പറ്റില്ല. ഓര്‍ത്ത് വെക്കാന്‍ പറയുന്നതാണ്. അടുത്തുളള ക്ഷേത്രത്തില്‍ പോയി മൃത്യുജ്ഞയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെട്ടേക്കാം” ശശികല മുന്നറിയിപ്പ് നല്‍കി.

സംഭവത്തില്‍ വിവാദ വിഡിയോ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പറവൂര്‍ പൊലീസ് വ്യക്തമാക്കി. ഇതേ പ്രസംഗത്തില്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും ശശികല വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്.

നേരത്തേയും ഇത്തരം വിവാദ പരാമര്‍ശങ്ങളുമായി ശശികല രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ​വിവാദങ്ങളെ  തുടർന്ന് ശശികല പഠിപ്പിച്ചിരുന്ന  സ്കൂളിലെ കുട്ടികള്‍ പോലും അധ്യാപിക കൂടിയായ ശശികലയ്ക്കെതിരെ  രംഗത്ത് വന്നിരുന്നു. നാട്ടുകാരും കുട്ടികൾക്കൊപ്പം പിന്തുണയേകി സമരത്തിനെത്തിയിരുന്നു.

അന്ന് ക്ലാസുകള്‍ ബഹിഷ്കരിച്ച കുട്ടികളുടെ നടപടി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നീട് തെറ്റ് ആവര്‍ത്തിക്കില്ലെന്ന ശശികലയുടെ ഉറപ്പിനെത്തുടര്‍ന്നാണ് വീണ്ടും ഇവരെ കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ അനുവദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ