scorecardresearch
Latest News

മോഹന്‍ലാല്‍ ചിത്രത്തിന് ‘മഹാഭാരതം’ എന്ന പേരിട്ടാല്‍ ചിത്രം തിയേറ്റര്‍ കാണില്ലെന്ന് കെപി ശശികല

ബൈബിള്‍ സിനിമയാക്കിയപ്പോള്‍ ഡാവിഞ്ചികോഡ് എന്നായിരുന്നു പേരെന്നും എന്ത്കൊണ്ട് ബൈബിള്‍ എന്നിട്ടില്ലെന്നും ശശികല

മോഹന്‍ലാല്‍ ചിത്രത്തിന് ‘മഹാഭാരതം’ എന്ന പേരിട്ടാല്‍ ചിത്രം തിയേറ്റര്‍ കാണില്ലെന്ന് കെപി ശശികല

കൊച്ചി:  എം ടിക്കും മോഹൻലാലിനുമെതിരെ  തെറ്റിദ്ധാരണ ജനകമായ പ്രചാരണവുമായി  ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. രണ്ടാമൂഴം   എന്ന എം ടിയുടെ നോവൽ മഹാഭാരതമെന്ന പേരിൽ  സിനിമയാക്കാനതിനെരായാണ്   ശശികലയുടെ പ്രസംഗം. വസ്തുതാവിരുദ്ധമായ കാര്യങ്ങളുയർത്തിയാണ്  ശശികല ഇതിനെതിരെ  പ്രസംഗിക്കുന്നത്.

ചരിത്രവും വസ്തുതകളും വളച്ചൊടിച്ചും വര്‍ഗീയതയ്ക്ക് വേണ്ടി മാത്രം തെറ്റായ പരാമര്‍ശങ്ങൾ നടത്തിയെന്ന പേരിൽ  നേരത്തേ വിമര്‍ശനപാത്രമായതാണ് ശശികല.​ ഇതുമായി ബന്ധപ്പെട്ട് ചിലർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഇത്തരം ​വിവാദങ്ങളെ  തുടർന്ന് ശശികല പഠിപ്പിച്ചിരുന്ന  സ്കൂളിലെ കുട്ടികള്‍ പോലും അധ്യാപിക കൂടിയായ ശശികലയ്ക്കെതിരെ  രംഗത്ത് വന്നിരുന്നു. നാട്ടുകാരും കുട്ടികൾക്കൊപ്പം പിന്തുണയേകി സമരത്തിനെത്തിയിരുന്നു.

അന്ന് ക്ലാസുകള്‍ ബഹിഷ്കരിച്ച കുട്ടികളുടെ നടപടി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നീട് തെറ്റ് ആവര്‍ത്തിക്കില്ലെന്ന ശശികലയുടെ ഉറപ്പിനെത്തുടര്‍ന്നാണ് വീണ്ടും ഇവരെ കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ അനുവദിച്ചത്.

എന്നാൽ ആ വാക്കുകളെല്ലാം മറന്ന് ഇപ്പോൾ  വീണ്ടും ഇല്ലാക്കഥകളുടെ പ്രചാരണമാണ് ശശികല നടത്തുന്നതെന്ന് പരാതി ഉയരുന്നു.

ഡാന്‍ ബ്രൗണ്‍ രചിച്ച പ്രശസ്ത നോവലായ ‘ഡാവിഞ്ചികോഡി’ന്റെ ദൃശ്യാവിഷ്‌കാരമാണ് ‘ഡാവിഞ്ചികോഡ്’ എന്ന ഹോളിവുഡ് ചിത്രം. എന്നാല്‍ ബൈബിളിന്റെ ചലച്ചിത്രരൂപമാണ് ഡാവിഞ്ചികോഡ് എന്ന വിചിത്രമായ കണ്ടെത്തലാണ് ശശികല നടത്തിയിരിക്കുന്നത്. അതുകൊണ്ട് എം.ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന പേരിടാന്‍ അനുവദിക്കില്ലെന്നും ശശികല പ്രഖ്യാപിച്ചു.

Read More: മോഹന്‍ലാലിന്‍റെ ഭീമസേനനെ ഇന്ത്യ എങ്ങനെ സ്വീകരിക്കും?

“നോവലിന്റെ പേര് രണ്ടാമൂഴമാണെന്നതിനാല്‍ ചിത്രത്തിന് രണ്ടാമൂഴം എന്ന് തന്നെ പേരിടണം. ചെമ്മീനും, അരനാഴികനേരവും, ഓടയില്‍ നിന്നുമെല്ലാം സിനിമയായപ്പോള്‍ അതേ പേര് തന്നെയല്ലേ ഉപയോഗിച്ചതെന്നും ശശികല ചോദിച്ചു. മഹാഭാരതം എന്ന പേരില്‍ ഇറങ്ങുന്ന സിനിമയ്ക്ക് വേദഗ്രന്ഥമായ മഹാഭാരതത്തോട് സാമ്യമുണ്ടാകണമെന്നും ശശികല പറഞ്ഞു.

“രണ്ടാമൂഴമെന്ന നോവലിന് മഹാഭാരതം എന്ന പേരിടാന്‍ അനുവദിക്കില്ല. രണ്ടാമൂഴമെന്ന് തന്നെയാണ് പേരെങ്കില്‍ എത്ര ഊഴം വേണമെങ്കിലും ചിത്രം തിയറ്ററില്‍ വന്ന് കാണാം. അല്ലാതെ മഹാഭാരതം എന്ന പേരിട്ടാല്‍ ആ ചിത്രം തിയറ്റര്‍ കാണില്ലെന്നും ശശികല ഭീഷണിപ്പെടുത്തി. “മഹഭാരതത്തിന്റെ ഗ്രന്ഥകര്‍ത്താവ് വ്യാസനാണ്. ഇവിടുത്തെ എഴുത്തുക്കാര്‍ക്കുള്ള അവകാശവും, ആവിഷ്‌കാര സ്വാതന്ത്ര്യവും വ്യാസനുമുണ്ട്. മഹര്‍ഷിയായി എന്നത് കൊണ്ട് അതില്ലാതാകുന്നില്ലെന്നും ശശികല പറഞ്ഞു. ബൈബിള്‍ സിനിമയാക്കിയപ്പോള്‍ ഡാവിഞ്ചികോഡ് എന്നായിരുന്നു പേരെന്നും എന്ത്കൊണ്ട് ബൈബിള്‍ എന്നിട്ടില്ലെന്നും ശശികല ചോദിച്ചു.

നോട്ടു നിരോധനം കൊണ്ടുണ്ടായ വൈഷമ്യങ്ങളെ കുറിച്ച് പറഞ്ഞതിന് എം. ടിക്കെതിരെ ബി ജെ പി നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ അന്ന് കേരള പൊതുസമൂഹം എം ടിക്കൊപ്പമായതോടെ ബി ജെപി നേതൃത്വം വിവാദങ്ങളിൽ നിന്നും പതുക്കെപിൻവാങ്ങുകയാണ് ചെയ്തത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kp sasikala threatens to remove the title of mohanlal movie