കൊച്ചി: മാറാട് വിഷയത്തിൽ മതസൗഹാർദ്ദം തകർക്കുന്ന നിലയിൽ പ്രസംഗിച്ചെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയ്ക്ക് എതിരെ കേസെടുത്തു. 2006 ൽ മുതലക്കുളത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്.

മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് ശശികല സമാധാന അന്തരീക്ഷം തകർക്കുന്ന വിധത്തിൽ സംസാരിച്ചതെന്നാണ് കണ്ടെത്തൽ. ഈ സംഭവത്തിൽ പത്ത് വർഷത്തിലേറെയായി നടപടികൾ നീണ്ടുപോവുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തേ പൊലീസ് കേസ് റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ ശശികല ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ഗവ. പ്ലീഡർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിലാണ് കേസ് നടപടികൾ വൈകിയത്.

അതേസമയം, പറവൂരിൽ നടത്തിയ പ്രസംഗത്തിലും കെ.പി.ശശികലയ്ക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദഗ്‌ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ