തിരുവനന്തപുരം: ശബരിമലയിൽ താൻ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ്. ആഴി തെളിയിക്കാൻ പോയപ്പോൾ കൂടെ പോയതാണ്. ദേവസ്വം ബോർഡ് പ്രതിനിധിയായാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിന്റെ ഭാഗമായാണ് പതിനെട്ടാം പടി കയറിയത്. ആചാരവും ചടങ്ങും രണ്ടും രണ്ടാണ്. ചടങ്ങിൽ മേൽശാന്തിക്കൊപ്പം പങ്കെടുത്ത മറ്റുളളവർക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടേത് ആചാര ലംഘനമാണെന്നും ശങ്കരദാസ് പറഞ്ഞു.

ഇരുമുടിക്കെട്ടില്ലാതെ ശങ്കരദാസ് പതിനെട്ടാം പടി കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ദേവസ്വം ബോർഡ് അംഗം ആചാരലംഘനം നടത്തിയതായി പരാതി ഉയർന്നത്. ആഴിപൂജയ്ക്ക് ശേഷമാണ് മേൽശാന്തിക്കും തന്ത്രിക്കും പിന്നാലെ ശങ്കരദാസ് ഉൾപ്പെടെ മൂന്നു പേർ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത്.

നേരത്തെ, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറിനിന്ന് പ്രതിഷേധക്കാരെ നിയന്ത്രിച്ചത് വിവാദമായിരുന്നു. ഈ സംഭവം അന്വേഷിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചതിനുപിന്നാലെയാണ് ദേവസ്വം ബോർഡ് അംഗം തന്നെ ആചാര ലംഘനം നടത്തിയെന്ന് പരാതി ഉയർന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.