scorecardresearch
Latest News

സുധാകരന്‍ താലിബാനെ പോലെ, കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടും: കെ. പി. അനില്‍കുമാര്‍

ഡിസിസി പുനഃസംഘടനക്ക് ശേഷം പരസ്യപ്രസ്താവ നടത്തിയതിന് അനിൽകുമാറിനെ കോൺഗ്രസിൽ നിന്നും സസ്‍പെൻഡ് ചെയ്തിരുന്നു

സുധാകരന്‍ താലിബാനെ പോലെ, കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടും: കെ. പി. അനില്‍കുമാര്‍

തിരുവനന്തപുരം: കൂടുതൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർട്ടി വിടുമെന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച കെപിസിസി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ. “മുതിർന്ന ചില നേതാക്കൾ കടുത്ത തീരുമാനത്തിന് തയ്യാറെടുക്കുകയാണ്. സുധാകരൻ താലിബാനെ പോലെയാണ്. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കുകയാണ്. സുധാകരന് എല്ലാ സഹായവും ചെയ്യുന്ന സതീശനും ഭാവിയിൽ സുധാകരന്റെ അടി ഏൽക്കേണ്ടിവരും,” അനില്‍കുമാര്‍ വ്യക്തമാക്കി.

“ഏറ്റവും കൂടുതൽ ഫ്ളക്സ്‌ വച്ച സുധാകരൻ ഇപ്പോൾ ഫ്ളക്സ് നിരോധിച്ചു. കോൺഗ്രസിൽ ഇപ്പോൾ ഏകാധിപത്യമാണ് നടക്കുന്നത്. സുധാകരന് സംഘ പരിവാർ മനസാണുള്ളത്. താൻ അഭിമാനത്തോടെയാണ് എകെജി സെന്ററിൽ കയറിയത്. ഏറ്റവും മനുഷ്യത്വമുള്ള പാർട്ടിയാണ് സിപിഎം. മതേതരത്വവും ജനക്ഷേമവും ഏറ്റവും കൂടുതൽ ഉയർത്തിപ്പിടിക്കുന്നത് സിപിഎമ്മും ഇടതുപക്ഷവുമാണ്,” അനിൽകുമാർ പറഞ്ഞു.

‘പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാനില്ല’; കോൺഗ്രസ് വിട്ട് അനിൽകുമാർ സിപിഎമ്മിൽ

കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. കോൺഗ്രസ് പുനഃസംഘടനയിൽ പ്രതിഷേധിച്ചാണ് രാജി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. രാജിപ്രഖ്യാപനത്തിനു പിന്നാലെ എകെജി സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു.

നേരത്തെ കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്ന പി.എസ്.പ്രശാന്തിനൊപ്പമാണ് അനിൽകുമാർ എകെജി സെന്ററിലെത്തിയത്. ഉപാധികളില്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നതെന്ന് അനിൽകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് വിട്ടു വരുന്നവർക്ക് അർഹമായ പരിഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.

പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്നും 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞായിരുന്നു അനിൽകുമാറിന്റെ രാജി പ്രഖ്യാപനം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയിൽ അയച്ചതായും അനിൽകുമാർ പറഞ്ഞു.

നാലാം വയസിൽ അച്ഛന്റെ കൈപിടിച്ചു വന്നതാണ് പാർട്ടിയിലേക്ക്. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് ഞാൻ. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെപിസിസി നിർവ്വാഹക സമിതിയിൽ ഉപെടുത്താത്തതിന് പരാതി പറഞ്ഞില്ല. നാല് പ്രസിഡന്റുമാർക്കൊപ്പം ജനറൽ സെക്രട്ടറിയായി. 2016ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളമുണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് പറഞ്ഞു തന്നെ ചതിച്ചുവെന്നും അനിൽകുമാർ പറഞ്ഞു.

പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്തിത്വം നഷ്ടമായി. പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യം ഇല്ലാതായി. പുതിയ നേതൃത്വം ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നത്. സുധാകരന്‍ കെപിസിസി പിടിച്ചത് താലിബാന്‍ അഫ്‍ഗാനിസ്ഥാന്‍ പിടിച്ചെടുത്തത് പോലെ ആണെന്നും അനിൽകുമാർ ആരോപിച്ചു.

ഡിസിസി പുനഃസംഘടനക്ക് ശേഷം പരസ്യ പ്രസ്താവന നടത്തിയതിന് അനിൽകുമാറിനെ കോൺഗ്രസിൽ നിന്നും സസ്‍പെൻഡ് ചെയ്തിരുന്നു. ഡിസിസി പ്രസിഡന്റുമാർ പലരുടെയും പെട്ടിതങ്ങുന്നവരാണ് എന്നതായിരുന്നു അനിൽകുമാറിന്റെ ആരോപണം. ഇതിൽ അനിൽകുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. പുറത്താക്കൽ പ്രഖ്യാപനത്തിനു മുൻപായിരുന്നു രാജി പ്രഖ്യാപനം.

അനിൽകുമാർ കെ.എസ്.യു. കോഴിക്കോട് ജില്ലാ ട്രഷറര്‍, ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിക്കേയാണ് ഇപ്പോൾ രാജിവെച്ചിരിക്കുന്നത്.

Also read: കൊച്ചി കപ്പൽശാലയിലേക്ക് വീണ്ടും ഭീഷണി സന്ദേശം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kp anil kumar resigns from congress

Best of Express