Latest News

കാര്യങ്ങൾ പറയുമ്പോൾ സ്വയം ഉള്ളിലേക്ക് നോക്കിയിട്ട് പറയുന്നതാണ് എല്ലാവർക്കും നല്ലത്: അനിൽ കുമാർ

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് എത്തിയ അനിൽ കുമാറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ജില്ലാ കമ്മിറ്റി ഓഫീസിൽ ഗംഭീര സ്വീകരണമാണ് സിപിഎം നൽകിയത്

കോഴിക്കോട്: ഓരോ കാര്യങ്ങൾ പറയുമ്പോൾ സ്വയം ഉള്ളിലേക്ക് ഒന്ന് നോക്കിയിട്ട് പറയുന്നതാകും എല്ലാവർക്കും നല്ലതെന്ന് കോൺഗ്രസ് നേതൃത്വത്തോട് അനിൽ കുമാർ. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് വിട്ടു വരുന്നവരെ മാലിന്യം എന്ന് വിളിക്കുന്നവർ തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കുമെന്ന് അനിൽ കുമാർ പറഞ്ഞു. ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ സുധാകരനാണ് മര്യാദ പഠിപ്പിക്കാൻ നോക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം പയ്യാമ്പലത്ത് ഒഴുക്കിയപ്പോൾ ബീച്ച് മലിനമായെന്ന് പറഞ്ഞയാളാണ് സുധാകരൻ. ആ സുധാകരനാണ് ഇന്നത്തെ പ്രസിഡന്റ്, അതുകൊണ്ട് എല്ലാവരും സ്വയം ഉള്ളിലേക്ക് നോക്കി കാര്യങ്ങൾ പറയുന്നതാകും നല്ലതെന്ന് അനിൽ കുമാർ പറഞ്ഞു.

മുരളി അച്ചടക്കത്തെ കുറിച്ച് പറയുന്നു, അച്ചടക്കത്തെ കുറിച്ചു പറയാൻ മുരളിക്കെന്താണ് അർഹത. സോണിയ ഗാന്ധിയെയും അഹമ്മദ് പട്ടേലിനെയും ഓരോന്ന് വിളിച്ച എ.കെ.ആന്റണിയെ മുക്കാലിൽ കെട്ടി അടിക്കണമെന്ന് പറഞ്ഞ മുരളീധരനാണോ അച്ചടക്കം പഠിപ്പിക്കുന്നതെന്നും അനിൽ കുമാർ ചോദിച്ചു. കേഡർ പാർട്ടിക്ക് അനുസരിച്ചു സ്വന്തം സ്വഭാവത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ അനിൽ കുമാർ പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് എത്തിയ അനിൽ കുമാറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ജില്ലാ കമ്മിറ്റി ഓഫീസിലും ഗംഭീര സ്വീകരണമാണ് സിപിഎം നൽകിയത്. മുദ്രാവാക്യം വിളിയോടെയാണ് പ്രവർത്തകർ അനിൽ കുമാറിനെ സ്വീകരിച്ചത്.

ജില്ലാ കമ്മിറ്റി ഓഫീസിൽ അനിൽ കുമാറിനെ സ്വീകരിക്കാൻ മുതിർന്ന നേതാക്കൾ എല്ലാം എത്തിയിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.പി.മോഹനൻ ചുവന്ന ഷാൾ അണിയിച്ചാണ് അനിൽ കുമാറിനെ സ്വീകരിച്ചത്. ഇനി മുതൽ സഖാവ് അനിൽ കുമാർ ആയിരിക്കുമെന്ന് കെ.പി.മോഹനൻ പറഞ്ഞു.

Also read: സുധാകരന്‍ താലിബാനെ പോലെ, കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടും: കെ. പി. അനില്‍കുമാര്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kp anil kumar press meet kozhikode

Next Story
പ്രണയസാഫല്യം; 11 വർഷം ഒളിവുജീവിതം നയിച്ച റഹ്മാനും സജിതയും വിവാഹിതരായി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express