കോഴിക്കോട്: തിക്കോടിയിൽ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ യുവതി മരിച്ചു. കാട്ടുവയല്‍ സിന്ദൂരി എന്ന കൃഷ്ണപ്രിയ (22) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പ്രദേശവാസിയായ നന്ദു എന്ന നന്ദകുമാർ (30) ആണ് ആക്രമണം നടത്തിയത്. തുടർന്ന് സ്വയം തീകൊളുത്തിയ യുവാവിനു ഗുരുതരമായി പൊള്ളലേറ്റു.
ഇന്നു രാവിലെ 10നു തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നിലാണു സംഭവം. പഞ്ചായത്ത് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയാണു കൃഷ്ണപ്രിയ.
കൃഷ്ണപ്രിയ ഓഫീസിലേക്കു കടക്കുന്നതിനു മുന്‍പായിരുന്നു ആക്രമണം. ഓഫിസിനു മുന്നില്‍ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ നന്ദകുമാർ പൊടുന്നനെ, കയ്യില്‍ കരുതിയ കുപ്പിയില്‍നിന്ന് പെട്രോള്‍ കൃഷ്ണപ്രിയയുടെ ദേഹത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് തന്റെ ശരീരത്തിലേക്കും ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണു വിവരം.
Also Read: വടകര താലൂക്ക് ഓഫീസ് തീപിടിത്തം: അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി; അന്വേഷണം
നന്ദഗോപൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷം ആരംഭിച്ചു. കൃഷ്ണപ്രിയയുടെ പോസ്റ്റ് മോർട്ടം നാളെ നടക്കും. യുവതി മൂന്നു ദിവസം മുന്‍പാണ് പഞ്ചായത്ത് ഓഫീസിലെ ജോലിയില്‍ പ്രവേശിച്ചത്.
ആത്മഹത്യ പരിഹാരമല്ല
മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യാ പ്രവണതയെ അതിജീവിക്കാൻ അവരുടെ സേവനങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന കൗൺസലിങ് ഹെൽപ്ലൈനുകളിൽ ബന്ധപ്പെടാവുന്നതാണ്.
കേരളത്തിലെ എൻജിഒകളും ഹെൽപ്പ് ലൈൻ നമ്പറും: പ്രതീക്ഷ- 0484 2448830; മൈത്രി-0484-2540530. കേരളത്തിനു പുറത്തുള്ള എൻ ജി ഒകളും ഹെൽപ്പ് ലൈൻ നമ്പറുകളും: ഹൈദരാബാദ് (റോഷ്നി)- 040 790 4646, മുംബൈ (ആസ്ര)-022 2754 6669, ഡൽഹി (സഞ്ജീവനി)- 011-24311918, ചെന്നൈ (സ്നേഹ) – 044- 24640050, ബെംഗളുരൂ (സഹായ്)- 080-25497777.