കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചു. പൊതുമേഖല സ്ഥാപനമായ കിറ്റ്കോ ആണ് ഇത് സംബന്ധിച്ച പഠനം നടത്തുന്നത്. പഠനം നടത്തുന്ന സംഘം മുത്തപ്പൻപുഴയിൽ എത്തി സ്ഥലം പരിശോധിച്ചിരുന്നു.

തുരങ്കപ്പാതയുടെ പദ്ധതി ഉദ്ഘാടനം ഈ വർഷം ഒക്ടോബറിൽ നടന്നിരുന്നു.മൂന്ന് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തവേ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.

Read More: വയനാട്ടിലേക്കുള്ള തുരങ്കപ്പാത: മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി

താമരശേരി ചുരത്തിനു ബദലായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍നിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയില്‍ എത്തുന്നതാണ് പുതിയ തുരങ്കപ്പാത. 16 കിലോ മീറ്ററാണ് പാതയുടെ മൊത്തം ദൈര്‍ഘ്യം. കള്ളാടിയില്‍നിന്ന് പാതയെ മേപ്പാടിയുമായി ബന്ധിപ്പിക്കും. ഈ ചുരം ബദല്‍ പാതയ്ക്കുവേണ്ടി വര്‍ഷങ്ങളായി ആവശ്യമുന്നയിക്കുയായിരുന്നു ഇരു ജില്ലക്കാരും.

ആനക്കാംപൊയിലിനു സമീപം കുണ്ടന്‍തോടില്‍നിന്നാണു പാതയുടെ ആരംഭം. ഇവിടെ മറിപ്പുഴയ്ക്കു കുറുകെ 70 മീറ്റര്‍ നീളത്തില്‍ രണ്ട് വരി പാലം നിര്‍മിക്കും. ഇവിടെനിന്ന് രണ്ടുകിലോ മീറ്റര്‍ അകലെ സ്വര്‍ഗംകുന്നില്‍നിന്നാണു 6.8 കിലോ മീറ്റര്‍ വരുന്ന തുരങ്കത്തിന്റെ തുടക്കം.

നിലവില്‍ താമരശേരി, പക്രംതളം ചുരങ്ങള്‍ വഴിയാണു വയനാട്ടിലേക്കുള്ള യാത്ര. കോഴിക്കോട് നഗരത്തില്‍നിന്ന് കുന്ദമംഗലം, കൊടുവള്ളി, താമരശേരി കഴിഞ്ഞുള്ള ചുരം പാത വയനാട്ടിലെ ലക്കിടിയിലാണെത്തുക.

Read More: ചുരമില്ലാതെ വയനാട്ടിലേക്ക്; അറിയാം തുരങ്കപ്പാതയുടെ പ്രത്യേകതകള്‍

മൂന്നു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. പാത പ്രാവര്‍ത്തികമാകുന്നതോടെ വയനാട്ടിലേക്കുള്ള ദൂരം 30 കിലോ മീറ്ററിലേറെകുറയും. നിലവില്‍ 85 കിലോ മീറ്ററാണു കോഴിക്കോട്ടുനിന്നു വയനാട്ടിലേക്കുള്ള ദൂരം. അത് 54 കിലോ മീറ്ററായി കുറയും.

പദ്ധതി പ്രാവര്‍ത്തികമായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപ്പാതയാവും ആനക്കാംപൊയില്‍-കള്ളാടി പാത. നിലവില്‍ ഒരേയൊരു തുരങ്കപ്പാതയാണു കേരളത്തിലുള്ളത്. തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനിലേത്. 962 മീറ്റര്‍ വരുന്ന കുതിരാന്‍ ഇരട്ടതുരങ്കങ്ങളിലൊന്നിന്റെ പ്രവൃത്തി ഇനിയും പൂര്‍ണമായിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.