കൊച്ചി: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടിയിലായ അലന് ഷുഹൈബും താഹ ഫസലും. തങ്ങള്‍ മാവോയിസ്റ്റുകളാണെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് അതിനുള്ള തെളിവ് ഹാജരാക്കണമെന്ന് ഇരുവരും പറഞ്ഞു.
തങ്ങള്‍ മാവോയിസ്റ്റുകളല്ല, സിപിഎം പ്രവര്‍ത്തകരാണെന്നും ഇരുവരും മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു. കേസില്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം.
”ഞങ്ങള്‍ മാവോയിസ്റ്റുകള്‍ അല്ല. സിപിഎം പ്രവര്‍ത്തകരാണ്. മുഖ്യമന്ത്രി എന്താണ് അങ്ങനെ പറഞ്ഞതെന്ന് അറയില്ല. ഇനി ഞങ്ങള്‍ മാവോയിസ്റ്റുകളാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിൽ അതിന് കൃത്യമായ തെളിവ് കൊണ്ടുവരട്ടെ. ഞങ്ങള്‍ ആരെയാണ് കൊന്നതെന്നതിനും എവിടെയാണു ബോംബ് വച്ചതെന്നതിനും മുഖ്യമന്ത്രി കൃത്യമായ തെളിവ് കൊണ്ടുവരട്ടെ,” ഇരുവരും പറഞ്ഞു.
Read Also: വെളളാപ്പളളി തട്ടിയത് 1600 കോടി രൂപ, അന്വേഷണം വേണമെന്ന് സെൻകുമാർ
സിപിഎമ്മിനുവേണ്ടി വോട്ട് പിടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും കൊടികെട്ടാനും തെണ്ടി നടന്നവരാണു തങ്ങള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.
അതേസമയം, ഇരുവരെയും എന്‍ഐഎ കോടതി ഫെബ്രുവരി 17 വരെ റിമാന്‍ഡ് ചെയ്തു. എന്‍ഐഎ നല്കിയ കസ്റ്റഡി അപേക്ഷയില്‍ കോടതി നാളെ വിശദമായ വാദം കേള്‍ക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി യുവാക്കളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ
ഏജന്‍സിയുടെ ആവശ്യം.
Read Also: കൊല നടത്തി ശരീരഭാഗങ്ങൾ ഉപേക്ഷിച്ച കേസ്: മലപ്പുറം സ്വദേശി പിടിയിൽ
സുരക്ഷ പരിഗണിച്ച് അലനെയും താഹയെയും തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കു മാറ്റാന്‍ കോടതി നിര്‍ദേശിച്ചു. എന്‍ഐഎ കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ നവംബറിലാണ് ഇരുവരെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. യുവാക്കളില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും പെന്‍ഡ്രൈവും കണ്ടെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇരുവര്‍ക്കും ഹൈക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.