കോഴിക്കോട്: മിഠായിത്തെരുവിൽ തീപിടുത്തം തുടർക്കഥയാകുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഏഴാം തവണയാണ് ഇവിടെ തീ പിടുത്തമുണ്ടാകുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രമാണ് മിഠായിത്തെരുവ്. 2007 ൽ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടുത്തത്തിൽ ഒൻപത് പേർ മരിച്ചു. കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടവുമുണ്ടായി.

പിന്നീട് മൂന്ന് വർഷം പിന്നിട്ടപ്പോൾ 2010 ഡിസംബറിലാണ് തീപിടുത്തമുണ്ടായത്. അതിന് ശേഷം 2015ൽ മിഠായിത്തെരുവിനോട് ചേർന്ന മൊയ്തീൻപളളി റോഡിന് സമീപത്തുള്ളകടയിലാണ് തീപിടുത്തമുണ്ടായത്. അന്ന് ആറോളം കടകൾ കത്തി നശിച്ചിരുന്നു. 2016 ൽ രണ്ടു തവണ തീ പിടുത്തമുണ്ടായി.

ഏറെ ജനത്തിരക്കുളള വ്യാപാരത്തെരുവാണ് എസ്എം സ്ട്രീറ്റ് എന്നുകൂടെ അറിയപ്പെടുന്ന മിഠായിത്തെരുവ്. ഇടുങ്ങിയ തെരുവിൽ ചേർന്നുളള കടകളാണ് മിഠായിത്തെരുവിൽ. അതിനാൽ തന്നെ തീ പടർന്നുപിടിക്കാനുളള സാധ്യത കൂടുതലാണ്. ഭൂരിപക്ഷവും പഴയക്കെട്ടിടങ്ങളായതിനാൽ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലായെന്നത് ഈ ഭാഗത്ത് അപകടമുണ്ടാകുമ്പോൾ രക്ഷാപ്രവർത്തകർ നേരിടുന്ന പ്രതിസന്ധിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ