രാജ്യത്തെ റയിൽവേ സ്റ്റേഷനുകളിൽ നടത്തിയ ശുചിത്വ സർവ്വേയിൽ കോഴിക്കോടിന് ഒന്നാം സ്ഥാനം. ഹസ്രത്ത് നിസാമുദ്ദീനാണ് പട്ടികയിൽ ഏറ്റവും പുറകിൽ. യാത്രാ രംഗത്ത് പ്രവർത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ള സ്ഥാപനമാണ് സർവ്വേ നടത്തിയത്.
സർവ്വേയിൽ വൃത്തിയുള്ള റയിൽവേ സ്റ്റേഷനുകളിൽ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്. 20 ശതമാനം സെൻട്രൽ റയിൽവേയിലും 20 ശതമാനം പടിഞ്ഞാറൻ റയിൽവേയിലുമാണ്. ട്രാവൽ ആപ്പ് ഇക്സിഗോ(ixigo)യുടെ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ മാർക്കിട്ടത് കോഴിക്കോടിനാണ്.
മികച്ച റയിൽവേ സ്റ്റേഷനെന്ന നേട്ടത്തിന് പാത്രമായവയിൽ കർണ്ണാടകയിലെ ഹുബ്ലി ജംഗ്ഷൻ, ദേവനഗരി, ഝാർഖണ്ഡിലെ ധൻബാദ്, മധ്യപ്രദേശിലെ ജബൽപൂർ, ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂർ ജംഗ്ഷൻ, ഗുജറാത്തിലെ വഡോദര, രാജ്കോട്ട് റയിൽവേ സ്റ്റേഷനുകൾ, രാജസ്ഥാനിലെ ഫാൽന, ആന്ധ്രയിലെ വിജയവാഡ എന്നീ സ്റ്റേഷനുകളും ഉണ്ട്.
അതേസമയം ഏറ്റവും കുറവ് പോയിന്റ് നേടിയ റയിൽവേ സ്റ്റേഷനുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധീകരിക്കുന്ന വാരണാസി മണ്ഡലത്തിലെ വാരണാസി റയിൽവേ സ്റ്റേഷനുണ്ട്. ഉത്തർപ്രദേശിലെ മതുര, രാജസ്ഥാനിലെ അജ്മീർ ജംഗ്ഷൻ, മഹാരാഷ്ട്രയിലെ ബുസാവൽ ജംഗ്ഷൻ, ബീഹാറിലെ ഗയ എന്നിവയും വൃത്തിയിൽ പിന്നിലാണ്.
എഴുപത് ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള, ഐആർസിടിസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രധാന യാത്രാ ആപ്പുകളിലൊന്നാണ് ഇക്സിഗോ. ഇന്ത്യൻ റയിൽവേ നടത്തിയ സർവ്വേയിലും ദക്ഷിണ റയിൽവേയുടെ സ്റ്റേഷനുകളാണ് വൃത്തിയിൽ മുൻപന്തിയിലെത്തിയത്.