കോഴിക്കോട്: വടകര മാർക്കറ്റ് റോഡിൽ കടയ്ക്കുള്ളിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ (62) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
രാജന്റെ ശരീരത്തിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വർണാഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാളുടെ ബൈക്കും കാണാതായിട്ടുണ്ട്. കഴുത്തിലും മുഖത്തും വിരലുകളിലും പരുക്കേറ്റതിന്റെ പാടുകളുണ്ട്. മോഷണശ്രമത്തിനിടെയാകാം കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.
വീട്ടിൽ സ്ഥിരമായി എത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതിരുന്നതോടെ വീട്ടുകാർ കടയിൽ അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.