കോഴിക്കോട്: കോവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട കോഴിക്കോട് മെഡിൽക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം 80 ഓളം ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. പ്രസവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മണിയൂർ സ്വദേശിനിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട‌് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാ‍ർട്ട്മെന്റുകളിൽ യുവതി ചികിത്സ തേടിയിരുന്നു. ഇതേ തുടർന്നാണ് ഇവരുമായി സമ്പർക്കത്തിൽ വന്ന ആരോഗ്യ പ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്.

നിരീക്ഷണത്തിലായ അൻപതോളം പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബാക്കിയുളളവരുടെ സാംപിളുകൾ ഇന്ന് ശേഖരിക്കും. മെഡിക്കൽ വിദ്യാർഥികളും നഴ്സുമാരും പട്ടികയിലുണ്ട്. മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്​ടർമാരടക്കം നിരീക്ഷണത്തിലുണ്ടെന്നാണ്​ വിവരം.

Read Also: ഒറ്റ ദിവസം 9,800 രോഗികൾ; ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 2,26,770 ആയി

കോഴിക്കോട് ജില്ലയിൽ ഇന്നലെ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 78ആയി. ഇപ്പോള്‍ 40 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 23 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ഒരാള്‍ കോഴിക്കോട് മിംസിലും 3 പേര്‍ കണ്ണൂരിലും ഒരു എയര്‍ ഇന്ത്യ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

കൂടാതെ ഒരു മലപ്പുറം സ്വദേശിയും 3 കാസര്‍ഗോഡ് സ്വദേശികളും, 2 വയനാട് സ്വദേശികളും, ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ 6 എയര്‍ ഇന്ത്യാ ജീവനക്കാര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കൂടാതെ ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ കാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.