കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിന് സമീപം ലോറിയിൽ കടത്താൻ ശ്രമിച്ച 120 കിലോ കഞ്ചാവ് പിടികൂടിയതായി പൊലീസ്. വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപ് കുമാറിനെ(42) കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

ഒഡീഷയിലെ റായ്ഘട്ടിൽ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചിരുന്നതെന്നും കുടകിൽ നിന്ന് ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയിരുന്ന ലോറിയാണ് കഞ്ചാവ് കടത്തിനായി ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. ഡ്രൈവർ ക്യാബിനിലായിരുന്നു 120 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

 

മറ്റു സംസ്ഥാനങ്ങളിലേക്ക് ചരക്കുകടത്തിനായി പോയിരുന്ന ലോറികൾ നിരീക്ഷിക്കാൻ കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുജിത്ത്ദാസ് നർക്കോട്ടിക് സെല്ലിന് നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തേക്ക് കഞ്ചാവ് എത്തിക്കുന്ന റായ്ഘട്ടിലെ കേന്ദ്രത്തെക്കുറിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സിൽ (ഡൻസാഫ്) നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.