കേട്ടവരൊന്നും അന്തിച്ചുനിന്നില്ല. ഒരു നിമിഷം പോലും പാഴാക്കാതെ അവർ ലഭ്യമായ വാഹനവുമായി കരിപ്പൂരിലേക്കു കുതിച്ചെത്തി. കോവിഡ് ഭീതിയെയും വിമാനം തീപിടിക്കുമോയെന്ന പേടിയെയും മറികടന്ന്, കനത്ത മഴയെ അവഗണിച്ച് അവര്‍ മുറിവേറ്റവരെ വാരിയെടുത്തു. കരിപ്പൂര്‍ വിമാനത്താവളം വെള്ളിയാഴ്‌ച രാത്രി സാക്ഷ്യം വഹിച്ചത് മലപ്പുറത്തുകാരുടെ ഒരുമയ്ക്കും നിർലോഭമായ സ്‌നേഹത്തിനും.

ഉച്ചത്തിലുള്ള രണ്ട് ശബ്ദങ്ങള്‍ കേട്ടാണ് സമീപവാസികൾ ഓടിക്കൂടിയത്. പിന്നാലെ ആംബുലന്‍സിന്റെ സൈറൺ കേട്ടു. അപകട ശബ്ദം കേട്ട് ദൂരെ സ്ഥലത്തുനിന്നു പോലും ആളുകള്‍ ഓടിയെത്തി. ആംബുലന്‍സുകള്‍ എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള കിട്ടിയ വാഹനങ്ങളിൽ പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സമീപത്തെ ആളുകള്‍ അവരുടെ കൈയിലുള്ള എല്ലാ വാഹനങ്ങളും മുറിവേറ്റവരെ ആശുപത്രികളില്‍ എത്തിക്കാനായി കൊണ്ടുവന്നു. ഇതുകാരണം ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

വിമാനം തീപിടിക്കുമോയെന്ന ഭീതിയില്‍ പകച്ചുവെങ്കിലും അത് മറികടന്ന് നാട്ടുകാര്‍ കയ്യും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇരുപതോളം സമീപവാസികളാണ് ഓടിയെത്തിയത്. വിമാനത്താവള മതിലിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറാന്‍ നോക്കി. ഒടുവിൽ  മതില്‍ തകര്‍ത്താണ് അകത്തുകയറിയത്. ഈ സമയം, തകര്‍ന്ന വിമാനത്തില്‍നിന്ന് ഇറങ്ങിവന്ന പരുക്കേറ്റ യാത്രക്കാർ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു.

” ഓടിയെത്തിയവരെ അപകടസ്ഥലത്തിന് അടുത്തുള്ളവര്‍ അകത്തേക്ക് കടക്കാന്‍ ആദ്യം അനുവദിച്ചിരുന്നില്ല. വിമാനത്താവള അധികൃതര്‍ പറഞ്ഞശേഷമാണ് അകത്തേക്കുവിട്ടത്,” ആദ്യം ഓടിയെത്തിയ സമിപവാസികളിലൊരാള്‍ പറഞ്ഞു.

വിമാനം രണ്ടായി മുറിഞ്ഞുകിടക്കുന്നതാണ് രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കണ്ടത്. പ്രദേശമാകെ അപകടത്തില്‍പ്പെട്ടവരുടെ നിലവിളിയില്‍ മുങ്ങിയിരുന്നു. കൊറോണ ഭീതി നിലനിൽക്കെയാണ് ആളുകള്‍ അതൊന്നും വക വെക്കാതെ ഓടിക്കൂടിയത്.

” ധാരാളം ആളുകളുടെ കാലുകള്‍ ഒടിഞ്ഞിട്ടുണ്ട് തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.  ആളുകള്‍ പരുക്കേറ്റ് രക്തമൊലിക്കുന്ന അവസ്ഥയിലായിരുന്നു. തീപിടിത്തമൊന്നും ഉണ്ടായില്ല. എന്തോ ലീക്ക് ഉണ്ടെന്നാണ് ആദ്യം കേട്ടത് ഫയര്‍ ഫോഴ്‌സ് വെള്ളം സ്‌പ്രേ ചെയ്ത് അത് അണയ്ക്കുകയും ചെയ്തു,” ശബ്ദം കേട്ട് കൊണ്ടോട്ടിയില്‍ നിന്ന് എത്തിയ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

തകര്‍ന്ന വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പരുക്കേറ്റ യാത്രക്കാരെ എടുത്തു കിടത്തിയത്‌ സമീപത്തെ വെള്ളം നിറഞ്ഞ ഭാഗത്തായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരാള്‍ പറഞ്ഞു.

Read More Stories on Karipur Airport Plane Accident

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നിട്ട വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. 35 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിന്റെ മുൻഭാഗം വേർപെട്ടു.

കുട്ടികളടക്കം അടക്കം 184 യാത്രക്കാരും രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് 7.27 ഓടെ കരിപ്പൂരിലെത്തേണ്ട വിമാനമാണ് അര മണിക്കൂറോളം വൈകി എത്തിയത്. അപകടത്തിൽ പൈലറ്റുമാർ ഉൾപ്പെടെ 18 പേർ മരിച്ചു.

ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചശേഷം സാധിക്കാത്തതിനാല്‍ തിരികെ പറന്നുയര്‍ന്ന വിമാനം ആകാശത്ത് വട്ടമിട്ട് പറന്നശേഷം തിരികെ രണ്ടാമതും ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വലിയ ശബ്ദം കേട്ടിരുന്നുവെന്നും ഒന്നും കാണാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.