കോഴിക്കോട്: നിപ്പ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ അതീവ ജാഗ്രത നിർദ്ദേശം. ഇതിന്റെ ഭാഗമായി ബാലുശ്ശേരിയിലെ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും അവധി നല്‍കി.

മരിച്ച റസിന്‍, ഇസ്മയില്‍ എന്നിവര്‍ ചികിത്സയില്‍ ഉണ്ടായിരുന്ന സമയത്ത് പരിചരിച്ച ആറ് ഡോക്ടര്‍മാര്‍ക്കും എട്ട് നഴ്‌സുമാര്‍ക്കുമാണ് അവധി നല്‍കിയത്. ആശുപത്രിയിലെ ഒപി പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം കോഴിക്കോട് ജില്ലാ കോടതിയിലെ സൂപ്രണ്ട് നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തില്‍ കോടതിയുടെ പ്രവർത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു. ബാര്‍ അസോസിയേഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കലക്ടര്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥന നടത്തിയത്.

നിപ്പ വൈറസിനെ തടയാന്‍ ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ഹ്യൂമന്‍ മോണോക്ലോണല്‍ എന്ന മരുന്ന് ഇന്നെത്തും. ഇതിന് പുറമെ ജപ്പാനില്‍ നിന്നും പുതിയ മരുന്ന് എത്തിക്കാനും നീക്കങ്ങളുണ്ട്. നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയതോടെ കൂടുതല്‍ ജാഗ്രതയും കരുതലും ആവശ്യമാണെന്ന് കണ്ടാണ് ആരോഗ്യവകുപ്പിന്റെ നീക്കം.

ഇന്നലേയും ഒരാള്‍ മരിച്ചതോടെ നിരീക്ഷണത്തിലുള്ളവരുടെ സമ്പര്‍ക്ക പട്ടിക വിപുലീകരിക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബാലുശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സക്കെത്തിയവരെയും കൂട്ടിരിപ്പുകാരെയുമാണ് പട്ടികയുടെ ഭാഗമാക്കുന്നത്.

മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലും സിടി സ്‌കാന്‍ റൂമിലും വെയ്റ്റിങ് റൂമിലും മെയ് അഞ്ചിന് രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയും മെയ് 14 ന് രാത്രി ഏഴ് മുതല്‍ രാവിലെ ഒമ്പത് വരെയും സന്ദര്‍ശിച്ചവരെയാണ് പുതിയ ലിസ്റ്റില്‍ ഉള്‍പെടുത്തുന്നത്. മെയ് 18,19 തിയതികളില്‍ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ എത്തിയവരെയും ലിസ്റ്റില്‍ ഉള്‍പെടുത്തുന്നുണ്ട്.

ഈ ദിവസങ്ങളില്‍ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയവര്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന നിപ്പ സെല്ലില്‍ ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ലിസ്റ്റില്‍ ഉള്‍പെടുത്തുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാഷ്വാലിറ്റിയിലും സിടി സ്‌കാന്‍ റൂമിലും വെയ്റ്റിങ് റൂമിലും മെയ് 5 നു രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയും, മെയ് 14 നു രാത്രി 7 മുതല്‍ 9 വരെയും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ മെയ് 18, 19 തിയതി 2 വരെയും സന്ദര്‍ശിച്ചവര്‍ സ്റ്റേറ്റ് നിപ്പ സെല്ലില്‍ 04952381000 എന്ന നമ്പറില്‍ വിളിച്ചറിയിക്കേണ്ടതാണ്. വിളിക്കുന്നവരുടെ വിവരം പുറത്തു പറയില്ല.

സ്‌റ്റേറ്റ് നിപ്പ സെല്‍ നമ്പര്‍ – 0495 2381000.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ