കോഴിക്കോട്: കൊല്ലം സ്വദേശിയായ യുവതിയെ കോഴിക്കോട്ട് മദ്യവും ലഹരിവസ്തുക്കളും നല്‍കി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണു പിടിയിലായത്. അവശനിലയിലായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ടിക്‌ടോക് വഴി രണ്ടുവര്‍ഷം മുന്‍പ് പരിചയപ്പെട്ട യുവതിയെ അജ്‌നാസ് കോഴിക്കോട്ടേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതിയെ അജ്‌നാസും ഫഹദും ചേര്‍ന്ന് നഗരത്തിലെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റു രണ്ടുപേരും പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണു പൊലീസ് നല്‍കുന്ന വിവരം. യുവതി അതിക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പൊലീസ് പറഞ്ഞു.
Also Read: ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ‘നെപ്പോളിയന്‍’ ട്രാവലറിന്റെ റജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കി
അവശനിലയിലായ യുവതിയെ പ്രതികളാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മുങ്ങുകയായിരുന്നു. ആശുപത്രി അധികൃതരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. അറസ്റ്റിലായ അജ്‌നാസും ഫഹദിനെയും ഫ്‌ളാറ്റിലെത്തിച്ച് പൊലീസ് തെളിവെടുക്കും.
എഡിറ്ററുടെ കുറിപ്പ്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായ വ്യക്തിയെ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തിരിച്ചറിയാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താൻ കഴിയില്ല.