Latest News

നിപ്പാ വൈറസ്: കോഴിക്കോടും മലപ്പുറത്തും പനി മരണം ഒമ്പതായി

കോഴിക്കോട് ജില്ലയിലെ ആദ്യമൂന്ന് മരണങ്ങൾക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്ചതോടെ കേന്ദ്ര സംഘം നാളെ കേരളത്തിലെത്തും, ഇന്ന് മരിച്ചവരും നിപ്പാ വൈറസിന്റെ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു

Swine Fever, H1N1 , Pandikkadu, H1N1 Police Officers

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ട് പേരും മലപ്പുറം ജില്ലയിൽ നാലുപേരുമടക്കം ഇന്ന് ആറ് പേർ പനി ബാധിച്ചു മരിച്ചു. ഇതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പനിമരണം ഒമ്പതായി. ഇന്നത്തെ ആറ് മരണങ്ങളിലും നിപ്പാ വൈറസ് രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. മണിപ്പാൽ വൈറോളജി ലാബിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് കേന്ദ്രങ്ങൾ വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ കുടുംബാംഗങ്ങളടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ പനിക്ക് പിന്നിൽ നിപ്പാ വൈറസ് എന്ന് സ്ഥിരീകരണം നേരത്തെ വന്നിരുന്നു. ഈ​ സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് സമാന ലക്ഷണങ്ങളുമായി മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നും ആറ് മരണം ഇന്ന് റിപ്പോർട്ട് ചെയ്തത്.  വവ്വാൽ കടിച്ച പഴം കഴിച്ചതിനാലാണ് പനി പകർന്നതെന്നാണ് ആദ്യ നിഗമനം.

കോഴിക്കോട് കൂട്ടാലിട സ്വദേശി, ഇസ്മായിൽ (40), പേരാമ്പ്ര സ്വദേശി ജാനകി(50), മലപ്പുറം സ്വദേശിയായ വേലായുധൻ (48) കോട്ടയ്ക്കൽ സ്വദേശിയായ പതിമൂന്ന് വയസ്സുളള കുട്ടി, മുന്നിയൂർ, തെന്നല പ്രദേശങ്ങളിലെ  രണ്ട് സ്ത്രീകൾ എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. ഇവരുടെ മരണ കാരണം നിപ്പാ വൈറസാണ് എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗലക്ഷണങ്ങൾ നിപ വൈറസ് ബാധയുടേതാണ്.

കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെയും മൃതദേഹത്തിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ മരണകാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്ചു.

ഇതോടെ കോഴിക്കോട്ടേക്ക് കേന്ദ്രസംഘം എത്തും. നാളെയാണ് കേന്ദ്ര ആരോഗ്യവകുപ്പിന് കീഴിലെ സംഘം എത്തുന്നത്.

പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനയിലാണ് ഇതിന് പിന്നിൽ നിപ്പാ വൈറസാണെന്ന് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്നതാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് പകരാം. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം.

അസുഖബാധയുള്ളവരെ പരിചരിക്കുന്നവരും സൂക്ഷിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും ഈ വൈറസ് ശരീരത്തിൽ കടക്കും.

രോഗബാധ ഉണ്ടായാലും അഞ്ച് മുതൽ 14 ദിവസം വരെ സമയമെടുത്തേ ലക്ഷണങ്ങൾ വ്യക്തമാകൂ. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച സുരക്ഷ നിർദ്ദേശങ്ങൾ ഇങ്ങിനെ

വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക.

രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.

രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും isolation ward-ൽ പ്രവേശിപ്പിക്കണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kozhikode fever death count raised to 5 nipah virus

Next Story
ആലുവ -അങ്കമാലി റൂട്ടിൽ പാളം പണി; ട്രയിൻ ഗതാഗതത്തിൽ മാറ്റംtrain, railway, special train, tatkal fare, wummer vacation,
The moderation of comments is automated and not cleared manually by malayalam.indianexpress.com