കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടുകളില്‍നിന്ന് ഉള്‍പ്പെടെ കോടികള്‍ തട്ടിയ സംഭവത്തില്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് (പി എന്‍ ബി) മുന്‍ സീനിയര്‍ മാനേജര്‍ എം പി റിജില്‍ അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന റിജിലിനെ ചാത്തമംഗലത്തിനു സമീപത്തെ ഏരിമലയിലെ ബന്ധുവീട്ടില്‍നിന്നാണു ജില്ലാ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിലേക്കു മാറ്റിയ റിജിലിനെ ചോദ്യംചെയ്തു വരികയാണ്. അതിനിടെ, കോര്‍പറേഷനു 10.07 കോടി രൂപ പി എന്‍ ബി ഇന്നു കൈമാറി. ഇന്നുചേര്‍ന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിലെ തീരുമാനത്തെത്തുടര്‍ന്നാണു തുക കൈമാറിയത്. 2.53 കോടി രൂപ ബാങ്ക് നേരത്തെ തിരികെ നല്‍കിയിരുന്നു.
പി എന്‍ ബിയുടെ കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ചിലെ എട്ട് അക്കൗണ്ടുകളിലാണു റിജില്‍ തട്ടിപ്പ് നടത്തിയത്. സ്വകാര്യവ്യക്തികളുടെ ഒന്‍പത് അക്കൗണ്ടിലും തിരമറി നടന്നു. ആകെ 21.5 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണു ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. ചില അക്കൗണ്ടുകളിലേക്കു പണം തിരികെ നിക്ഷേപിച്ചതായും കണ്ടെത്തി.
കോര്‍പറേഷന്റെ 12.68 കോടി രൂപ നഷ്ടമായെന്നാണു പി എന്‍ ബി ഓഡിറ്റിലെ കണ്ടെത്തല്‍. എന്നാല്‍ കോര്‍പറേഷന്റെ അക്കൗണ്ടുകളില്‍നിന്നു 15.24 കോടി രൂപ നഷ്ടപ്പെട്ടതായി മേയര്‍ ബീന ഫിലിപ്പ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വിവിധ അക്കൗണ്ടുകളിലെ തുക റിജില്‍ പി എന്‍ ബിയിലെ തന്നെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണു റിജില്‍ ആദ്യം മാറ്റിയത്. തുടര്‍ന്നു ആക്‌സിസ് ബാങ്കില്‍ റിജിലിന്റെ പേരിലുള്ള ട്രേഡിങ് അക്കൗണ്ടിലേക്കു മാറ്റിയെന്നാണു പി എന്‍ ബി ഓഡിറ്റിലെ കണ്ടെത്തല്‍. ഈ അക്കൗണ്ട് പരിശോധിച്ച ക്രൈംബ്രാഞ്ച്, റിജില്‍ ഓണ്‍ലൈന്‍ റമ്മി പോലുള്ള കാര്യങ്ങള്‍ പണമിടപാട് നടത്തിയതായി കണ്ടെത്തിയിരുന്നു.
തട്ടിപ്പ് പുറത്തായതോടെ നവംബര്‍ 29 മുതല്‍ റിജില്‍ ഒളിവിലായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല.